ഖേല്‍രത്‌നയില്‍ നിന്ന് രാജീവിനെ കേന്ദ്രം പുറത്താക്കി, ഐടി പുരസ്‌കാരത്തിന് രാജീവിന്റെ പേരിട്ട് ഉദ്ധവ്

August 11, 2021
221
Views

മുംബൈ: ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്ന പുരസ്‌കാരത്തിന്റെ പേരില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്ത കേന്ദ്ര നടപടിക്ക് പിന്നാലെ, രാജീവ് ഗാന്ധിയുടെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തി മഹാരാഷ്ട്രയിലെ ഉദ്ദവ് താക്കറെ സര്‍ക്കാര്‍.

രാജ്യത്തെ വിവരസാങ്കേതിക മേഖലയിലെ മികച്ച സംഘടനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഐടി പുരസ്‌കാരത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ രാജീവ് ഗാന്ധിയുടെ പേരുനല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികമായ ഓഗസ്റ്റ് ഇരുപതിന് പുരസ്‌കാരം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഈ വര്‍ഷം പുരസ്‌കാര ജേതാക്കളെ ഒക്ടോബര്‍ മുപ്പതിനകം മാത്രമേ തോരഞ്ഞെടുക്കൂ. മഹാരാഷ്ട്ര ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോര്‍പ്പറേഷനാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുക.

കഴിഞ്ഞ ആഴ്ചയാണ് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് ‘മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം’ എന്ന് കേന്ദ്രസര്‍ക്കാര്‍ മാറ്റിയത്.

മേജര്‍ ധ്യാന്‍ചന്ദ് ഇന്ത്യയുടെ ഏറ്റവും വലിയ കായിക താരങ്ങളില്‍ ഒരാളാണെന്നും അദ്ദേഹം നിരവധി ബഹുമതികളും പുരസ്‌കാരങ്ങളും ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും പുരസ്‌കാരത്തിന്റെ പേരുമാറ്റം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു. അതുകൊണ്ട് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നത് എന്തുകൊണ്ടും ഉചിതമാണെന്നും അദ്ദേഹം പറഞ്ഞു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *