800 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രൈന്‍

February 25, 2022
145
Views

യുക്രൈനില്‍ അതിക്രമിച്ച് കയറിയ 800 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അവകാശവാദം. 30 റഷ്യന്‍ ടാങ്കുകള്‍ വെടിവെച്ച് തകര്‍ത്തതായും അവര്‍ വെളിപ്പെടുത്തി. ഏഴ് റഷ്യന്‍ വിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും വെടിവെച്ച് വീഴ്ത്തിയെന്ന യുക്രൈന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ സി.എന്‍.എന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രധാനമായും കീവ് ലക്ഷ്യമാക്കിയുള്ള റഷ്യയുടെ വ്യോമാക്രമണം തടയാനുള്ള ശ്രമത്തിലാണ് യുക്രൈന്‍. യുക്രൈന്‍ തകര്‍ത്ത റഷ്യന്‍ വിമാനം ബഹുനില കെട്ടിടത്തില്‍ ഇടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

യുക്രൈനില്‍ ആക്രമണം നടത്തിയതിന് പിന്നാലെ റഷ്യയ്ക്ക് എതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്കയും ജപ്പാനും രംഗത്തെത്തി. അമേരിക്കയുടെ റഷ്യയിലുള്ള മുഴുവന്‍ ആസ്തികളും മരവിപ്പിക്കുമെന്ന് ജോബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയിലേക്കുള്ള എല്ലാ കയറ്റുമതികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധവും അമേരിക്ക കടുപ്പിച്ചിട്ടുണ്ട്. വ്യക്തികള്‍ക്കും വിവിധ വ്യവസായങ്ങള്‍ക്കും ഉപരോധം ബാധകമാണെന്നും ജോബൈഡന്‍ വ്യക്തമാക്കി. റഷ്യയ്ക്ക് മേല്‍ സാമ്പത്തിക, പ്രതിരോധ മേഖലകളില്‍ ഉപരോധം ഏര്‍പ്പെടുത്താനാണ് ജപ്പാന്റെ തീരുമാനം.

റഷ്യന്‍ നീക്കത്തെ അപലപിക്കാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. അതേസമയം റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ അനുനയ ശ്രമങ്ങളുമായി ഫ്രാന്‍സ് രംഗത്തെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യന്‍ പ്രസിഡന്റുമായി സംസാരിച്ചു. റഷ്യന്‍ ആക്രമണത്തിന്റെ ആദ്യ ദിവസം 137 പേര്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ സെന്‍ട്രല്‍ കീവില്‍ രണ്ട് വലിയ സ്ഫോടനങ്ങളും അല്‍പ്പം അകലെ മൂന്നാമത്തെ സ്ഫോടനവും നടന്നെന്ന് സി.എന്‍.എന്‍ സംഘം റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തില്‍ രണ്ട് സ്‌ഫോടനങ്ങള്‍ കേട്ടതായി മുന്‍ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ആന്റണ്‍ ഹെരാഷ്‌ചെങ്കോ സ്ഥിരീകരിച്ചതായി യുക്രൈനിലെ യൂണിയന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

യുക്രൈന്‍ യുദ്ധത്തിന്റെ ആദ്യദിനം വിജയമാണെന്നാണ് റഷ്യന്‍ സൈന്യത്തിന്റെ അവകാശവാദം. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തിലാണ്. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രൈയ്നിലെ 6 മേഖലകള്‍ റഷ്യ പിടിച്ചെടുത്തു. യുക്രൈയിനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

Article Categories:
Latest News · Latest News · World

Leave a Reply

Your email address will not be published. Required fields are marked *