യുക്രൈന്‍ രക്ഷാദൗത്യം; കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

February 26, 2022
137
Views
യുക്രൈന്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

നോര്‍ക്കയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ ഇതുവരെ 1428 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് യുക്രൈനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ 470 പേരാണ് ആദ്യ സംഘത്തിലുള്ളത്. വൈകിട്ടോടെ വിമാനം മുംബൈയിലെത്തിച്ചേരും. ബുക്കോവിനിയന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് സംഘത്തിലുള്ളത്.

യുദ്ധം മൂന്നാം ദിവസവും തുടരുന്ന പശ്ചാത്തലത്തില്‍ ഭീതിയിലാണ് ഖാര്‍ക്കീവിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. നിരവധി വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളായി ബങ്കറുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. പലയിടത്തും ചുറ്റും നിരന്തരം സ്‌ഫോടനങ്ങളുടെ ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. വിലക്കയറ്റവും കടകളില്‍ സാധനങ്ങളുടെ ലഭ്യത കുറയുന്നതും മൂലം വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം ലഭിക്കാതെ അതിര്‍ത്തികളിലേക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദേശമുണ്ട്. നിര്‍ദേശം ലഭിക്കാത്തവര്‍ നിലവില്‍ തുടരുന്ന സ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങരുത് എന്നും എംബസി നിര്‍ദേശിച്ചിട്ടുണ്ട്.
Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *