അണ്ടർ 19 ലോകകപ്പിൽ അവിശ്വസനീയ ജയവുമായി അഫ്ഗാനിസ്ഥാൻ. ക്വാർട്ടർ ഫൈനലിൽ ശ്രീലങ്കയെ 4 റൺസിനാണ് അഫ്ഗാൻ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് വെറും 134 റൺസ് മാത്രമെടുത്ത അഫ്ഗാനിസ്ഥാൻ എതിരാളികളായ ശ്രീലങ്കയെ 130 റൺസിനു പുറത്താക്കി. ഈ ജയത്തോടെ അഫ്ഗാൻ സെമിയിലെത്തി. സെമിഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടാണ് അഫ്ഗാനിസ്ഥാൻ്റെ എതിരാളികൾ.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനു വേണ്ടി വെറും നാല് താരങ്ങളാണ് ഇരട്ടയക്കം കടന്നത്. കൃത്യതയോടെ പന്തെറിഞ്ഞ ശ്രീലങ്കയ്ക്ക് മുന്നിൽ വിറച്ച അഫ്ഗാൻ ബാറ്റർമാർ പൊരുതുക പോലും ചെയ്യാതെ കീഴടങ്ങി. 37 റൺസെടുത്ത അബ്ദുൽ ഹാദിയാണ് അഫ്ഗാനിസ്ഥാൻ്റെ ടോപ്പ് സ്കോറർ. നൂർ അഹ്മദ് (30), അള്ളാ നൂർ (25) എന്നിവരും അഫ്ഗാൻ ഇന്നിംഗ്സിലേക്ക് നിർണായക സംഭാവന നൽകി. ശ്രീലങ്കയ്ക്കായി വിനുജ രാജഗോപാൽ അഞ്ച് വിക്കറ്റും ക്യാപ്റ്റൻ ദുനിത് വെല്ലലെഗെ 3 വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ശ്രീലങ്കയും തകർന്നടിഞ്ഞു. ലങ്കൻ ടീമിലും നാല് താരങ്ങൾ മാത്രമേ ഇരട്ടയക്കം കടന്നുള്ളൂ. എട്ടാം നമ്പറിലിറങ്ങിയ വെല്ലലെഗെയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ 34 റൺസെടുത്തു. അടുത്ത ടോപ്പ് സ്കോറർ എക്സ്ട്രാസ് ആണ്. ശ്രീലങ്കയ്ക്ക് എക്സ്ട്രാ ആയും ലഭിച്ചു, 34 റൺസ്. ആദ്യ ഏഴ് നമ്പറുകളിലെ താരങ്ങളിൽ 6 പേരും ഒറ്റയക്കത്തിൽ പുറത്തായി. രവീൺ ഡിസിൽവയും (21) ശ്രീലങ്കക്കായി ഭേദപ്പെട്ട പ്രകടനം നടത്തി. അഫ്ഗാൻ എറിഞ്ഞ 34 എക്സ്ട്രാസ് കൂടി ഇല്ലായിരുന്നെങ്കിൽ ശ്രീലങ്കയുടെ സ്ഥിതി ഇതിലും ദയനീയമായേനെ.
കരുത്തരായ ഓസ്ട്രേലിയയെയും വെസ്റ്റ് ഇൻഡീസിനെയും ഗ്രൂപ്പ് ഘട്ടത്തിൽ മറികടന്നെത്തിയ ശ്രീലങ്കയ്ക്ക് ഈ തോൽവി കനത്ത തിരിച്ചടിയാണ്. മൂന്ന് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ഡിയിൽ ഒന്നാമതായിരുന്നു ശ്രീലങ്ക. അതേസമയം, ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങൾ വിജയിച്ച് രണ്ടാം സ്ഥാനക്കാരായാണ് അഫ്ഗാൻ ക്വാർട്ടറിലെത്തിയത്. പാകിസ്താനെതിരെ അഫ്ഗാൻ പരാജയപ്പെട്ടിരുന്നു. ഫെബ്രുവരി ഒന്നിനാണ് ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനുമായുള്ള സെമിഫൈനൽ. ഇന്ന് പാകിസ്താൻ-ഓസ്ട്രേലിയ ക്വാർട്ടർ ഫൈനലുംനാളെ ഇന്ത്യ-ബംഗ്ലാദേശ് ക്വാർട്ടർ ഫൈനലും നടക്കും.