ഹൊയ്സാല രാജവംശത്തിന്റെ കാലത്ത് നിര്‍മിക്കപ്പെട്ട കര്‍ണാടകത്തിലെ മൂന്നുക്ഷേത്രങ്ങള്‍കൂടി യുനെസ്കോയുടെ പൈതൃകപ്പട്ടികയില്‍.
ഹൊയ്സാല രാജവംശത്തിന്റെ കാലത്ത് നിര്‍മിക്കപ്പെട്ട കര്‍ണാടകത്തിലെ മൂന്നുക്ഷേത്രങ്ങള്‍കൂടി യുനെസ്കോയുടെ പൈതൃകപ്പട്ടികയില്‍.
ഹാസൻ ജില്ലയിലെ ബേലൂര്‍ ചെന്നകേശവക്ഷേത്രം, ഹാലേബീഡുവിലെ ഹൊയ്സാലേശ്വര ക്ഷേത്രം, മൈസൂരു ജില്ലയിലെ സോമനാഥപുര കേശവക്ഷേത്രം എന്നിവയാണവ. 12, 13 നൂറ്റാണ്ടുകളില്‍ നിര്‍മിക്കപ്പെട്ട, അപൂര്‍വമായ കൊത്തുപണികളും ശിലാലിഖിതങ്ങളുമുള്ള മൂന്നു ക്ഷേത്രങ്ങളും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് പരിപാലിക്കുന്നത്. ‘സേക്രഡ് എൻസെംബിള്‍സ് ഓഫ് ഹൊയ്സാലാസ്’ എന്ന വിശേഷണത്തോടെയാണ് ഇവയെ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
രാജ്യത്ത് പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുന്ന 42-ാമത് നിര്‍മിതികളാണ് ഈ ക്ഷേത്രങ്ങള്‍. നേരത്തേ കര്‍ണാടകത്തില്‍നിന്ന് ഹംപി, ജൈന-ഹിന്ദു ക്ഷേത്രങ്ങളായ പട്ടടക്കല്‍, പശ്ചിമഘട്ടം എന്നിവയും പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. പട്ടികയില്‍ ഇടം പിടിക്കുന്നതോടെ ലോകമെമ്ബാടുമുള്ള വിനോദസഞ്ചാരികളും ഗവേഷകരും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനും പഠിക്കാനുമെത്തും. പട്ടികയില്‍ ഹൊയ്സാല ക്ഷേത്രങ്ങള്‍ ഇടംനേടിയത് രാജ്യത്തിന് അഭിമാനംപകരുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചു.
ഹൊയ്സാല രാജാവായിരുന്ന വിഷ്ണുവര്‍ധനാണ് ബേലൂര്‍ ചെന്നകേശവക്ഷേത്രവും ഹാലേബീഡു ഹോയ്സാലേശ്വരക്ഷേത്രവും നിര്‍മിച്ചത്. സോമനാഥപുരയിലെ കേശവക്ഷേത്രം നരസിംഹ മൂന്നാമന്റെ കാലത്തും പൂര്‍ത്തിയായി. ശില്പങ്ങളുടെ സൂക്ഷ്മസൗന്ദര്യത്തില്‍ ഹൊയ്സാലാ ക്ഷേത്രങ്ങളെ വെല്ലാൻ ലോകത്ത് മറ്റ് ശില്പങ്ങളില്ലെന്നാണ് പറയപ്പെടുന്നത്. സ്റ്റോപ്പ് സ്റ്റോണ്‍ എന്ന് വിളിക്കപ്പെടുന്ന ഗ്രാനൈറ്റ് പോലുള്ള കല്ലുകൊണ്ടാണ് ക്ഷേത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഹൊയ്സാലേശ്വരൻ, ശാന്തലേ ശ്വരൻ എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്ന ശിവലിംഗ പ്രതിഷ്ഠകള്‍ ശിവന്റെ പുരുഷ, സ്ത്രൈണ ഭാവങ്ങളെ പ്രതിനിധാനംചെയ്യുന്നു. ചെന്നകേശവനെന്നാല്‍ വിഷ്ണുരൂപമാകുന്നു. രണ്ട് ക്ഷേത്രങ്ങളും ശില്പഭം ഗിയാല്‍ അതിവിശിഷങ്ങളാണ്.
ബേലൂര്‍ ചെന്നകേശവക്ഷേത്രം
ഹൊയ്സാലേശ്വര ക്ഷേത്രത്തിലെ ശില്പങ്ങളുടെ വലിയൊരു പങ്കും രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ദൃശ്യാവിഷ്കാരങ്ങളാണ്. ആയിരക്കണക്കിന് ശില്പങ്ങളാണ് പല തട്ടുകളിലായി കൊത്തിവെച്ചിട്ടുള്ളത്. ശില്പങ്ങള്‍ കൊത്തിയത് അക്കാലത്ത് പ്രസിദ്ധനായ ശില്പി കാളിദാസി ആണെന്ന് ഇവിടെയുള്ള ശിലാലിഖിതത്തില്‍നിന്ന് വ്യക്തമാണ്. ഹൊയ്സാലേശ്വര ക്ഷേത്രത്തിന് സമീപമായി ഹൊയ്സാലാ ശില്പങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിശാലമായ മ്യൂസിയമുണ്ട്. വിവിധ ഹൊയ്സാലാ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയ്ക്കുനിന്ന് ശേഖരിച്ച 1500-ഓളം ശില്പങ്ങളാണ് ഈ മ്യൂസിയത്തിലുള്ളത്.
സോമനാഥപുര കേശവക്ഷേത്രം
ക്ഷേത്രച്ചുമരുകളില്‍ ഉണ്ടായിരുന്ന കൊത്തുപണികളും ചരിത്രപ്രാധാന്യമുള്ള ശിലാലിഖിതങ്ങളുമെല്ലാം ഇവിടെയുണ്ട്. പുറമേ നൃത്തം ചെയ്യുന്ന ഗണപതി, വീണ കൈയിലേന്തിയ സരസ്വതി, നടരാജനൃത്തം തുടങ്ങി അനേകം ശില്പങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മരത്തിലും ചെമ്ബിലും നിര്‍മിച്ച് ജൈൻ തീര്‍ഥങ്കരന്മാരുടെ പ്രതിമകളും കൂട്ടത്തിലുണ്ട്. മുകളില്‍നിന്ന് നോക്കിയാല്‍ നക്ഷത്രാകൃതി തോന്നിക്കുന്ന രീതിയിലാണ് ചെന്നകേശവ ക്ഷേത്രശീകോവില്‍ നിര്‍മിച്ചിട്ടുള്ളത്. ശ്രീകോവിലിന്റെ ഓരോ മൂലയിലുമുണ്ട് സുന്ദരമായ ശില്പങ്ങളും കൊത്തുപണികളും.
ഹൊയ്സാല ക്ഷേത്രങ്ങള്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് കര്‍ണാടകയിലെ വിനോദസഞ്ചാരത്തിന് വലിയ മാറ്റമാണുണ്ടാക്കുക. ഇതുവഴി കൂടുതല്‍ ആഭ്യന്തര, അന്തര്‍ദേശീയ സഞ്ചാരികള്‍ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കപ്പെടുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.