ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കു പ്രത്യേക തിരിച്ചറിയല്‍ നന്പര്‍ (യുണിക്ക് ഐഡി) വരുന്നു. ഈ വര്‍ഷം അവസാനത്തോടെ പുതിയ സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു.
സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കാനും വ്യാജ മൊബൈല്‍ കണക്‌ഷനുകള്‍ക്ക് തടയിടാനുമാണ് യുണിക് ഐഡികള്‍. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഹെല്‍ത്ത് ഐഡിക്കു സമാനമാണിത്.
എല്ലാ മൊബൈല്‍ കണക്‌ഷനുകളും യുണിക് ഐഡിയുമായി ബന്ധിപ്പിക്കുന്നതോടെ ഉപയോക്താവ് ഏതെല്ലാം സിം കണക്‌ഷനുകള്‍ ഉപയോഗിക്കുന്നു, സിം എവിടെനിന്നു വാങ്ങി തുടങ്ങിയ വിവരങ്ങള്‍ ലഭിക്കും. ഇതോടെ ഒരാള്‍ക്കു പരമാവധി ഒന്പത് സിമ്മുകളേ വാങ്ങാൻ സാധിക്കൂ.
സിം ഉപയോഗിക്കുന്ന ആളുകളുടെ വിവരവും സര്‍ക്കാരിനു ലഭിക്കും. മൊബൈല്‍ നന്പര്‍ നിരീക്ഷിക്കുന്നതിനും ഉപയോക്താക്കളുടെ പ്രായം, ലിംഗം, വരുമാനം, വിദ്യാഭ്യാസം, ജോലി ഉള്‍പ്പെടെ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ മൊബൈല്‍ ഉപയോഗരീതി സംബന്ധിച്ച വിശകലനങ്ങള്‍ക്കും ഇതു സഹായകമാകും.