ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പിനെ ചൂടുപിടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മയെ സ്ഥാനാര്‍ത്ഥിയാക്കിയാണ് കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ ചര്‍ച്ചയില്‍ ഇടം നേടുന്നത്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഉന്നാവോ പെണ്‍കുട്ടികളുടെ അമ്മയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
ആദ്യഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് ഉന്നാവോ പെണ്‍കുട്ടികളുടെ അമ്മയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. പീഡനത്തിനിരയാക്കപ്പെട്ടവര്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാകുമെന്ന സന്ദേശമാണ് ഇതിലൂടെ കോണ്‍ഗ്രസ് നല്‍കുന്നതെന്ന് സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ട് പ്രിയങ്ക ഗാന്ധി പറഞ്ഞു.
125 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയില്‍ ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെ 50 സ്ഥാനാര്‍ഥികള്‍ സ്ത്രീകളാണ്. ഓണറേറിയം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച ആശാ വര്‍ക്കര്‍ പൂനം പാണ്ഡെയും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയിലുണ്ട് ഷാജഹാന്‍പൂരില്‍ നിന്നാണ് പൂനം പാണ്ഡെ ജനവിധി തേടുന്നത്.125 സ്ഥാനാര്‍ഥികളില്‍ 40 ശതമാനം പേര്‍ സ്ത്രീകളും 40 ശതമാനം പേര്‍ യുവാക്കളുമാണ്. ചരിത്രപരമായ നീക്കത്തിലൂടെ സംസ്ഥാനത്ത് ഒരു പുതിയ രാഷ്ട്രീയത്തിന് തുടക്കം കുറിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.