18 സ്കൂള് വിദ്യാര്ഥിനികളെ പീഡിപ്പിച്ചെന്ന കേസില് ഉത്തര്പ്രദേശ് ഷാജഹാന്പുരിലെ സര്ക്കാര് സ്കൂളിലെ അധ്യാപകന് അറസ്റ്റിലായി.
ന്യൂഡല്ഹി> 18 സ്കൂള് വിദ്യാര്ഥിനികളെ പീഡിപ്പിച്ചെന്ന കേസില് ഉത്തര്പ്രദേശ് ഷാജഹാന്പുരിലെ സര്ക്കാര് സ്കൂളിലെ അധ്യാപകന് അറസ്റ്റിലായി.
മറ്റൊരു അധ്യാപികക്കെതിരെയും പ്രിന്സിപ്പലിനെതിരെയും പീഡനത്തിന് കൂട്ടുനിന്നതിന് പൊലീസ് കേസെടുത്തു.
എസ് സി എസ് ടി വിഭാഗങ്ങള്ക്കെതിരെയുള്ള അതിക്രമങ്ങള് തടയുന്ന നിയമപ്രകാരവും പോക്സോ നിയമപ്രകാരവും പ്രതികള്ക്കെതിരെ കേസെടുത്തു.തില്ഹാര് പൊലീസാണ് കേസെടുത്തിരിക്കുന്നതെന്നും 18 കുട്ടികളെയും ചൊവ്വാഴ്ച വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്നും ഷാജഹാന്പുര് സീനിയര് എസ്പി എസ് ആനന്ദ് പറഞ്ഞു.
ഷാജഹാന്പുരിലെ തില്ഹാര് സ്റ്റേഷന് പരിധിയിലെ ഹയര് സെക്കന്ഡറി സ്കൂളിലാണ് സംഭവം. മുഹമ്മദ് അലിയെന്ന കമ്ബ്യൂട്ടര് അധ്യാപകനാണ് പ്രായപൂര്ത്തിയാകാത്ത വിദ്യാര്ഥിനികളെ പീഡിപ്പിച്ചതെന്നും പ്രിന്സിപ്പല് അനില് പതാക്, അധ്യാപികയായ സാജിയ എന്നിവര് പ്രതി മുഹമ്മദ് അലിക്ക് കൂട്ടുനിന്നുവെന്നും തില്ഹാര് സിഐ പ്രിയങ്ക് ജയിന് പറഞ്ഞു.
ഗ്രാമത്തലവന് പ്രധാന് ലള്ത പ്രസാദ് ആണ് പ്രതികള്ക്കെതിരെ പരാതി നല്കിയത്. പീഡനത്തിനിരയായ ഒരു വിദ്യാര്ഥിനിയാണ് വീട്ടുകാരോട് അധ്യാപകന് പീഡിപ്പിക്കുന്ന വിവരം പറഞ്ഞത്. കൂടെയുള്ള വിദ്യാര്ഥിനികളോടും അധ്യാപകന് ഈ വിധത്തില് പെരുമാറുന്നതായും കുട്ടി അറിയിച്ചതിനെത്തുടര്ന്നാണ് സംഭവം പുറത്തറിയുന്നത്. ഇതിന് പിന്നാലെ രക്ഷിതാക്കള് സ്കൂളിലെത്തി പരിശോധന നടത്തിയപ്പോള് ശുചിമുറിയില് നിന്ന് ഉപയോഗിച്ച ഗര്ഭ നിരോധന ഉറകള് കണ്ടെടുത്തു. പ്രതികളെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്ഡ് ചെയ്തു.