യുപി മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്‍റെ മരുമകൾ ബിജെപിയിൽ

January 19, 2022
110
Views

ന്യൂ ഡെൽഹി: മുൻ യുപി മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്‍റെ മരുമകൾ അപർണ യാദവ് ബിജെപിയിൽ. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപി യുപി അധ്യക്ഷൻ സ്വതന്ത്രദേവ് സിംഗ് എന്നിവരുടെ സാന്നിധ്യത്തിൽ ഡെൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അപർണ അംഗത്വം സ്വീകരിച്ചത്. തനിക്ക് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും, രാജ്യമാണ് തനിക്ക് മുഖ്യമെന്നും അംഗത്വം സ്വീകരിച്ച ശേഷം അപർണ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ തനിക്ക് വലിയ ആദരവുണ്ടെന്നാണ് അപർണ പറയുന്നത്. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ തന്നെ പ്രചോദിപ്പിച്ചു. അതിനാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്നും അപർണ വ്യക്തമാക്കുന്നു. എന്നാൽ മുലായം സിംഗ് യാദവിനെക്കുറിച്ചോ അഖിലേഷിനെക്കുറിച്ചോ അപർണ ബിജെപി പാർട്ടി വേദിയിൽ വച്ച് ഒന്നും പറഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്.

നേരത്തേ തന്നെ ബിജെപിയുടെ പ്രവർത്തനങ്ങളെയും പാർട്ടിയെയും പരസ്യമായി അപർണ പ്രശംസിച്ചത് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നതാണ്. രാമക്ഷേത്ര നിർമാണത്തിന് 11 ലക്ഷം രൂപയാണ് അപർണ സംഭാവന നൽകിയത്. ദേശീയ പൗരത്വരേഖയായ എൻആർസി രാജ്യത്തിന് അത്യാവശ്യമാണെന്ന് പറഞ്ഞ അപർണ ജമ്മു കശ്മീരിന്‍റെ പ്രത്യേകപദവി എടുത്തുകളഞ്ഞപ്പോൾ അതിനെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. അപർണ ബിജെപിയിലെത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരുന്നു. പക്ഷേ, പാർട്ടിയിൽ നിന്ന് കൂട്ടത്തോടെ മന്ത്രിമാരടക്കം കൊഴിഞ്ഞുപോയ സമയത്താണ് മുലായം കുടുംബത്തിൽ നിന്ന് തന്നെ ഒരാളെ ബിജെപി സ്വന്തം ക്യാംപിലേക്ക് എത്തിക്കുന്നത്.

അതേസമയം, അഖിലേഷ് യാദവ് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകുന്നതിലടക്കം എല്ലാ രീതിയിലും പരാജയമെന്നാണ് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ആരോപിച്ചത്. അതിന് തെളിവായാണ് എസ്പിയിൽ നിന്ന് കൂട്ടത്തോടെ ആളുകൾ ബിജെപിയിലേക്ക് ഒഴുകുന്നതെന്നും മൗര്യ പറയുന്നു. മൂന്ന് ബിജെപി മന്ത്രിമാരും എംഎൽഎമാരും സമാദ് വാദി പാർട്ടിയിൽ ചേർന്നതിന് പിന്നാലെ അപർണയെ ബിജെപിയിലെത്തിക്കാനായത് പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്നുറപ്പാണ്. കുടുംബത്തിൽ നിന്ന് തന്നെ ഒരാൾ ബിജെപിയിലേക്ക് പോകുന്നത് അഖിലേഷ് യാദവിന് ചെറുതല്ലാത്ത തിരിച്ചടിയാണ്.

രണ്ടായിരത്തിപ്പതിനൊന്നിലാണ് അപർണ യാദവ് അഖിലേഷ് യാദവിന്‍റെ അർദ്ധസഹോദരൻ പ്രതീക് യാദവിനെ വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകളുണ്ട്. മാധ്യമപ്രവർത്തകനായ അരവിന്ദ് സിംഗ് ബിഷ്ടിന്‍റെ മകളാണ് അപർണ. അരവിന്ദ് സിംഗ് ബിഷ്ട് ഇപ്പോൾ യുപിയിലെ സംസ്ഥാന വിവരാവകാശ കമ്മീഷണർ ആണ്. അവരുടെ അമ്മ അംബി ബിഷ്ട് ലഖ്നൗ മുൻസിപ്പൽ കോർപ്പറേഷനിൽ ഉദ്യോഗസ്ഥയാണ്. വിവാഹശേഷം സാമൂഹ്യസേവന രംഗത്ത് സജീവമാണ് അപർണ. മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് ഇന്‍റർനാഷണൽ റിലേഷൻസിലും പൊളിറ്റിക്സിലും ബിരുദാനന്തബിരുദം നേടിയിട്ടുണ്ട് അപർണ.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *