ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശില്‍ പ്രചാരണ പരിപാടികള്‍ക്ക് ആവേശം കൂടിയിരിക്കുകയാണ്. കൊറോണയുടെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻറെ ഉത്തരവ് പ്രകാരം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫെബ്രുവരി 11 വരെ ഒരു പാർട്ടിക്കും പൊതുയോഗം, പദയാത്ര, സൈക്കിൾ റാലി, ബൈക്ക് റാലി റോഡ് ഷോ എന്നിവ നടത്താനാവില്ല. ഇതോടെ രാഷ്ട്രീയ പ്രചാരണം ഡിജിറ്റലാക്കിയിരിക്കുകയാണ് എല്ലാ രാഷ്ട്രിയ പാര്‍ട്ടികളും.
നവമാധ്യമങ്ങളിലെ പ്രചാരണ പരിപാടികള്‍ക്ക് പ്രാധാന്യം നൽകിയിരിക്കുകയാണ് ഇത്തവണ. വീടുവീടാന്തരം കയറിയുള്ള പ്രചാരണത്തോടൊപ്പം ഇത്തവണ ഡിജിറ്റൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും ശക്തമാക്കിയിരിക്കുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. ഡിജിറ്റൽ ലോകത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. പല പാർട്ടികളും തങ്ങളുടെ ഐടി സെല്ലുകളെ ശക്തിപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. നിലവിൽ മറ്റ് പാർട്ടികളെ അപേക്ഷിച്ച് ഡിജിറ്റൽ പ്രചാരണത്തില്‍ ബിജെപിയാണ് ഒന്നാമത്.
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ ഡിജിറ്റൽ മേഖലയെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രിതന്നെ പലയാവര്‍ത്തി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ബിജെപിയാവട്ടെ മോദിയുടെ വാക്കുകള്‍ ഏറ്റെടുത്ത് ഡിജിറ്റൽ മീഡിയം വഴിയുള്ള പ്രചാരണം ശക്തമാക്കിയിരുന്നു. നവമാധ്യമ രംഗത്ത് വലിയ സ്വാധീനമുള്ള പാര്‍ട്ടിയായി ബിജെപി മാറിക്കഴിഞ്ഞിട്ടുണ്ട്.
ഈ ആനുകൂല്യം യുപിയിലും ഗുണകരമായി ഉപയോഗിക്കാനൊരുങ്ങുകയാണ് ബിജെപി. വെർച്വൽ റാലികൾക്കായി ബിജെപി നിലവിൽ 3D സാങ്കേതികവിദ്യവരെ ഉപയോഗിക്കാൻ പദ്ധതിയിടുന്നുണ്ട്. അതേസമയം സമാജ്‌വാദി പാർട്ടിയും കോൺഗ്രസും നവമാധ്യമ രംഗത്തെ പ്രചാരണത്തില്‍ ഏറെ പിന്നിലാണ്.