തിരുവനന്തപുരം; നിയമസഭ കൈയ്യാങ്കളി കേസില്‍ പ്രതിസ്ഥാനത്തുള്ള മന്ത്രി വി ശിവന്‍കുട്ടി ഇന്ന് നിയമസഭയില്‍ എത്തിയില്ല. പനിയാണെന്ന് കാണിച്ച് സ്പീക്കര്‍ എംബി രാജേഷിന് അവധി അപേക്ഷ നല്‍കിയിട്ടുണ്ട്.കേസില്‍ ശിവന്‍കുട്ടി വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പ്രതിപക്ഷം മന്ത്രിയുടെ രാജിയ്ക്കായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.ഇന്നലെ സഭയിലും പ്രതിപക്ഷ നേതാക്കള്‍ വിഷയത്തില്‍ മന്ത്രിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
അതേസമയം കേസില്‍ ഇന്ന് സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. പിടി തോമസ് ആണ് നോട്ടീസ് നല്‍കിയത്. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. അതിനിടെ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് സഭയില്‍ മുഖ്യമന്ത്രി മറുപടി നല്കി. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടി തെറ്റല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.