വാഷിങ്ടണ്‍: ഇസ്രായേല്‍ പലസ്തീന് യുദ്ധം വ്യാപിക്കുമെന്ന സൂചന നല്കി അമേരിക്കയുടെ നീക്കം. യുദ്ധക്കപ്പലുകളും 2000ത്തോളം നാവിക സൈനികരെയും അയച്ചതിന് പിന്നാലെ കൂടുതല്‍ യുദ്ധോപകരണങ്ങള്‍ മേഖലയിലേക്ക് അയക്കാന്‍ അമേരിക്കയുടെ തീരുമാനം. ഇറാഖിലും സിറിയയിലും അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് പെന്റഗണിന്റെ നടപടി.
ഗാസയില്‍ ഇസ്രായേല്‍ ആക്രമണം കഴിഞ്ഞ രണ്ടാഴ്ചയായി തുടരുകയാണ്. ആശുപത്രികളും ആംബുലന്‍സുകളും അഭയാര്‍ഥി ക്യാമ്പുകളുമടക്കം മിസൈലിട്ട് തകര്‍ക്കുന്ന ഇസ്രായേല്‍ നടപടിക്കെതിരെ ആഗോള തലത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതിനിടെ ഗാസയിലുള്ളവര്‍ ഈജിപ്ത് അതിര്‍ത്തിയിലേക്ക് ഒഴിഞ്ഞുപോകണം എന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്കി. അല്ലെങ്കില്‍ ആക്രമിക്കുമെന്നാണ് ഭീഷണി.