സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഉത്രയുടെ മാതാപിതാക്കള്‍; പ്രതികരിക്കാതെ സൂരജിന്റെ കുടുംബം

October 11, 2021
109
Views

കൊല്ലം: ഉത്ര വധക്കേസില്‍ വിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ശിക്ഷ മാതൃകാപരമായിരിക്കണമെന്ന് ഉത്രയുടെ കുടുംബം പ്രതികരിച്ചു. ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥ വരരുതെന്നും, കേസിലെ പ്രതിയായ സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞു. സൂരജിന്റെ കുടുംബം വിധിയെക്കുറിച്ച്‌ പ്രതികരിച്ചിട്ടില്ല.

ഉത്രവധക്കേസ് പ്രതി അതി സമര്‍ത്ഥനും ക്രൂരനുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നു. അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായെന്നും, ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുവെന്നും എസ് പി ഹരിശങ്കര്‍ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

അഞ്ചല്‍ ഏറം സ്വദേശിയായ ഉത്രയെ (22) സ്വത്ത് തട്ടിയെടുത്ത ശേഷം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഭര്‍ത്താവ്‌ സൂരജ്‌ മൂര്‍ഖന്‍ പാമ്ബിനെക്കൊണ്ട്‌ കടിപ്പിച്ചുകൊല്ലുകയായിരുന്നു. പാമ്ബുപിടുത്തക്കാരനായ സുരേഷിന്റെ കൈയില്‍ നിന്നാണ് മൂര്‍‌ഖനെ വാങ്ങിയത്.

2020 മേയ്‌ ഏഴിന് രാവിലെ എട്ടോടെയാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മൂര്‍ഖന്‍ പാമ്ബ്‌ കടിച്ച്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആറിന് സന്ധ്യയ്ക്ക് ഉത്രയ്ക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി കൊടുത്ത ശേഷം രാത്രി 11ഓടെ, നേരത്തെ മുറിയില്‍ സൂക്ഷിച്ചിരുന്ന മൂര്‍ഖന്‍ പാമ്ബിനെക്കൊണ്ട് സൂരജ് കടിപ്പിച്ച്‌ കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന് മുന്‍പ് അടൂര്‍ പറക്കോട്ടുള്ള സൂരജിന്റെ വീട്ടില്‍ വച്ച്‌ അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചിരുന്നു. ഇതിന്റെ ചികിത്സയ്ക്ക് ശേഷം ഉത്ര വിശ്രമിക്കുമ്ബോഴായിരുന്നു മൂര്‍ഖനെ ഉപയോഗിച്ചുള്ള കൊലപാതകം.

സൂരജ് ഇടയ്ക്കിടെ പണം ആവശ്യപ്പെടുന്നതിനാല്‍ ഉത്രയുടെ വീട്ടുകാരുമായി അസ്വാരസ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് രണ്ടാം തവണയും പാമ്ബ് കടിച്ചപ്പോള്‍ വീട്ടുകാര്‍ക്ക് സംശയം തോന്നിയത്. മരണത്തിലെ ദുരൂഹത സംബന്ധിച്ച്‌ ഉത്രയുടെ സഹോദരന്‍ അ‌ഞ്ചല്‍ പൊലീസിന് മൊഴി നല്‍കി. പക്ഷേ അന്വേഷണം കാര്യമായി നടന്നില്ല. ഉത്രയ്ക്ക് നല്‍കിയ സ്വര്‍ണവും പണവും കുഞ്ഞിന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സൂരജ് പ്രകോപിതനായി പിണങ്ങിപ്പോയി. മേയ് 21ന് ഉത്രയുടെ വീട്ടുകാര്‍ അഞ്ചല്‍ പൊലീസിന് മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ പരാതി നല്‍കി. തൊട്ടടുത്ത ദിവസം റൂറല്‍ എസ്.പി ഹരിശങ്കറിനെയും പരാതിയുമായി സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. കേസില്‍ കഴിഞ്ഞ വര്‍ഷം മേയ് 24നാണ് സൂരജിനെ അറസ്റ്റ് ചെയ്തത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *