ലക്നൗ: രാജ്യത്ത് ഏറ്റവും കൂടുതൽ അനധികൃതമായ ആയുധങ്ങൾ പിടിച്ചെടുത്തത് യുപിയിൽ നിന്നെന്ന് റിപ്പോർട്ട്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) പുറത്തുവിട്ട 2020ലെ ഡാറ്റയിലാണ് സൂചന നൽകുന്നത്.
ആകെ മൊത്തം 32,776 തോക്കുകളാണ് കഴിഞ്ഞ വർഷം അവിടെ നിന്ന് പിടിച്ചെടുത്തത്. 10,841 നിയമവിരുദ്ധ ആയുധങ്ങൾ പിടിച്ചെടുത്ത മധ്യപ്രദേശാണ് പട്ടികയിൽ രണ്ടാമത്. ലൈസൻസുള്ള വിഭാഗത്തിൽ പോലും, രാജ്യത്ത് പിടിച്ചെടുത്ത മൊത്തം തോക്കുകളുടെ 65 ശതമാനവും യുപിയിൽ നിന്നായിരുന്നു. ആയുധ നിയമപ്രകാരം, 2020 -ൽ രാജ്യത്ത് മൊത്തം 67,947 തോക്കുകളാണ് പിടിച്ചെടുത്തത്.
രാജ്യത്ത് പിടിച്ചെടുത്ത 2,126 ലൈസൻസുള്ള ആയുധങ്ങളിൽ 1400 എണ്ണം യു.പിയിൽ നിന്നായിരുന്നു. എന്നാൽ, നിയമവിരുദ്ധമായ ആയുധങ്ങൾ പിടിച്ചെടുത്ത കണക്കിൽ, 27,103 വെടിയുണ്ടകളുമായി പട്ടികയിൽ ഒന്നാമത് ജമ്മു- കശ്മീരാണ്. രാജ്യത്തുടനീളം പിടിച്ചെടുത്ത 50% -ത്തിലധികം വരുന്ന എല്ലാ കാലിബറുകളുടെയും വെടിയുണ്ടകളും അവിടെ നിന്നായിരുന്നു. എന്നാൽ, ഇവിടെ നിന്ന് 474 ആയുധങ്ങൾ മാത്രമാണ് പിടിച്ചെടുത്തത്.
കശ്മീരുമായി താരതമ്യപ്പെടുത്താനാകില്ലെങ്കിലും, യുപിയിലും ഗണ്യമായ രീതിയിൽ ആയുധങ്ങൾ പിടികൂടി. ഏകദേശം 12,117 ഓളം പിടിച്ചെടുത്തത് യുപി -യിൽ നിന്നാണ്. ഉത്തർപ്രദേശ് അഡീഷണൽ ഡയറക്ടർ ജനറൽ (ലോ ആൻഡ് ഓർഡർ) പ്രശാന്ത് കുമാർ പറഞ്ഞു, “വെടിക്കോപ്പുകളുടെ വിതരണം വർഷങ്ങളായി ഞങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യമാണ്. നഗരങ്ങളിലുള്ള ആയുധ ലൈസൻസ് ഉടമകൾ, പ്രൊഫഷണൽ സ്പോർട്സ് ഷൂട്ടർമാർ, ആയുധ ഡീലർമാർ എന്നിവർ തമ്മിലുള്ള ബന്ധം കരിഞ്ചന്തയിൽ ഫാക്ടറി നിർമ്മിത ബുള്ളറ്റുകളുടെ വിതരണത്തിന് ആക്കം കൂട്ടുന്നു. ”
“എല്ലാ പങ്കാളികൾക്കും ഏജൻസികൾക്കും അവർ വിൽക്കുന്ന ഓരോ ബുള്ളറ്റിന്റെയും കണക്ക് സൂക്ഷിക്കേണ്ട ഒരു സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, അനധികൃത വെടിമരുന്ന് യൂണിറ്റുകൾ വേരോടെ പിഴുതെറിയുക എന്നത് ഒരു കഠിനമായ ജോലിയാണ്, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ അത്തരം ആയുധങ്ങൾക്ക് ഉയർന്ന ഡിമാൻഡ് ഉള്ളിടത്ത്. രാജ്യത്ത് തോക്ക് നിർമ്മിക്കുന്നതിന് വലിയ കഴിവൊന്നും വേണ്ട. അതിനുപയോഗിക്കുന്ന ഉപകരണങ്ങൾ പോലും സാധാരണമാണ്. കാട്ടിൽ പോലും ഒരു യൂണിറ്റ് ഉണ്ടാക്കിയെടുക്കാൻ എളുപ്പമാണ്. എന്നാൽ ഞങ്ങൾ ഈ യൂണിറ്റുകൾ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്” കുമാർ പറഞ്ഞു.
എൻസിആർബി ഡാറ്റ ദേശവിരുദ്ധരുടെ കൈയിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്ത സംഭവങ്ങളും വെളിപ്പെടുത്തുന്നു. രാജ്യത്തെ അത്തരം മൊത്തം പിടിച്ചെടുക്കലുകളുടെ 77 ശതമാനവും യുപിയിൽ നിന്നായിരുന്നു. അത്തരം 5,631 ആയുധങ്ങളിൽ 4,313 എണ്ണം യുപിയിൽ നിന്നാണ്.