തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഘട്ടംഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി . നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെയും വിദഗ്ധ സമിതിയുടെയും നിര്‍ദേശം അനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം അറിയിച്ചു.
ഓണ്‍ലൈന്‍ പഠനം കുട്ടികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.36% പേര്‍ക്ക് തലവേദനയും, 28% പേര്‍ക്ക് കണ്ണിനു പ്രശ്‌നങ്ങളും 36% പേര്‍ക്ക് കഴുത്തിന് പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുട്ടികളില്‍ 25% പേര്‍ മാത്രമാണ് വ്യായാമം ചെയ്യുന്നത്. അടുക്കള തോട്ടം, പൂന്തോട്ടം എന്നിവയ്ക്കായി സമയം ചെലവഴിക്കുന്ന കുട്ടികളും കുറവാണ്.കുട്ടികള്‍ക്ക് കൂട്ടുകാരേയും അധ്യാപകരെയും നേരില്‍ കാണാന്‍ കഴിയാത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളുമുണ്ടെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
അതേസമയം, വിദ്യാലയങ്ങള്‍ തുറക്കുന്നതിനു മുന്‍പ് കുട്ടികളിലെ വാക്‌സിനേഷന്‍ പരിഗണിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രോട്ടോക്കോളുണ്ട്. കേന്ദ്രസര്‍ക്കാരും വിദഗ്ധ സമിതികളും നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും നടപടിയെന്നും മന്ത്രി നിയമസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി അറിയിച്ചു.