തിരുവനന്തപുരം: പണം വാങ്ങി സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ നൽകാനുള്ള സർക്കാർ നീക്കം പാളുന്നു. 7000ൽ താഴെ ഡോസ് മാത്രം വാക്സിനുകൾ ആണ് സ്വകാര്യ ആശുപത്രികൾ സർക്കാരിൽ നിന്നും വാങ്ങിയത്. അതിനാൽ, പണം കൊടുത്ത് വാക്സീൻ വാങ്ങാൻ ആളില്ലാതായതോടെ, ഇത് സ്പോൺസർ എ ജാബ് എന്ന പേരിൽ ഈ ഡോസുകൾ സ്പോൺസർ ചെയ്യിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
വാക്സീനേഷൻ വേഗം വർധിപ്പിക്കാനാണ്, 126 കോടി രൂപ ചെലവാക്കി 20 ലക്ഷം ഡോസ് സ്വകാര്യ ആശുപത്രികൾക്ക് വാങ്ങി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇതിന് സ്വകാര്യ ആശുപത്രികൾ സർക്കാരിന് പണം നൽകണം. സർക്കാർ വാങ്ങിക്കൊടുക്കുന്ന വാക്സീൻ ജനം പണം കൊടുത്ത് എടുക്കണം എന്നതായതോടെ പദ്ധതി പാളി. സൗജന്യ വാക്സിൻ സുലഭമായതോടെ സ്വകാര്യ മേഖലയിൽ വാക്സീനെടുക്കാൻ ആളും കുറഞ്ഞു.
സർക്കാർ വാങ്ങിയ പത്തു ലക്ഷം ഡോസ് കേരളത്തിലെത്തി ഒരു മാസമാകുമ്പോൾ 9,93,879 ഡോസും കെഎംഎസ്സിഎല്ലിൽ തന്നെ കെട്ടിക്കിടക്കുകയാണ്.
നേരത്തെ വാക്സീൻ ചലഞ്ചിലൂടെ 170 കോടിയോളം രൂപ പിരിഞ്ഞു കിട്ടിയിരുന്നു. ഈ തുകയടക്കം ചേർത്ത് സബ്സിഡി നൽകിയിരുന്നെങ്കിൽ സർവ്വീസ് ചാർജ് മാത്രമീടാക്കി വാക്സീൻ വിതരണം ചെയ്യാമെന്ന് സ്വകാര്യ ആശുപത്രികൾ മുൻപ് നിർദ്ദേശം വെച്ചിരുന്നെങ്കിലും സർക്കാർ ഇത് അംഗീകരിച്ചിരുന്നില്ല.
സ്പോൺസർ ചെയ്യിക്കുന്നതിലൂടെ കൈയിലുള്ള വാക്സീൻ ഒരു മാസം കൊണ്ട് തീർക്കാനാകുമെന്നാണ് കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ കണക്കുകൂട്ടുന്നത്. അതേസമയം, വാക്സീൻ ചലഞ്ചിലൂടെ പണം ലഭിച്ചിട്ടും, സർക്കാർ പണം വാങ്ങുന്നുവെന്ന ആരോപണം ധനവകുപ്പ് തള്ളുകയാണ്. തുക കോവിഡ് പ്രതിരോധ ആവശ്യങ്ങൾക്ക് തന്നെ ചെലവഴിച്ചതായാണ് വകുപ്പിന്റെ വിശദീകരണം.