ലോകരാജ്യങ്ങളെയെല്ലാം പിടിച്ചുലയ്ക്കുകയും നിരവധി പേരുടെ ജീവന്‍ കവരുകയും ചെയ്ത മഹാമാരിയായിരുന്നു കൊവിഡ്-19.
ലോകരാജ്യങ്ങളെയെല്ലാം പിടിച്ചുലയ്ക്കുകയും നിരവധി പേരുടെ ജീവന്‍ കവരുകയും ചെയ്ത മഹാമാരിയായിരുന്നു കൊവിഡ്-19. അതിജീവിക്കാനായി കൊവിഡ് വാക്‌സിനെടുത്തവര്‍ക്ക് ഇപ്പോള്‍ ആ വാക്‌സിന്‍ തന്നെ വലിയ വിനയാകുന്നുവെന്ന് അഭിപ്രായപ്പെടുകയാണ് ഒരു പഠനറിപ്പോര്‍ട്ട്.
കൊവിഡ് വാക്‌സീനുകള്‍ തലച്ചോറിനെയും ഹൃദയത്തെയും മറ്റും ബാധിക്കുന്ന 13 ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഗ്ലോബല്‍ വാക്‌സിന്‍ ഡേറ്റ നെറ്റ്‌വര്‍ക്കിന്റെ പഠനം കണ്ടെത്തി. ഇതിന്റെ പ്രത്യാഘാതം അതീവഗുരുതരമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഗുരുതര പാര്‍ശ്വഫലങ്ങള്‍
അക്യൂട്ട് ഡിസെമിനേറ്റഡ് എന്‍സഫലോമൈലൈറ്റിസ് ആണ് കൊവിഡ് വാക്‌സിനിന്റെ ഏറ്റവും പുതുതായി കണ്ടെത്തിയ പാര്‍ശ്വഫലം. തലച്ചോറില്‍ വീക്കമുണ്ടാകുന്ന രോഗാവസ്ഥയാണിത്. സാധാരണ ശരീരചലനങ്ങള്‍ക്ക് പേലും ചിലപ്പോള്‍ പ്രയാസം നേരിടും. ആസ്ട്രസെനക്ക വാക്‌സിന്‍ എടുത്തവരിലാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെട്ടത്. സ്‌പൈനല്‍ നേര്‍വില്‍ വീക്കമുണ്ടാക്കുന്ന ട്രാന്‍സ്‌വേഴ്‌സ് മൈലൈറ്റിസ് ആണ് രണ്ടാമത്തേത്.
ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഹൃദയപേശികള്‍ക്ക് വീക്കമുണ്ടാകുന്ന മയോകാര്‍ഡൈറ്റിസ്, ഹൃദയത്തിന്റെ സംരക്ഷണ വലയമായ പെരികാര്‍ഡിയത്തിന് വീക്കമുണ്ടാകുന്ന പെരികാര്‍ഡൈറ്റിസ് എന്നീ പാര്‍ശ്വഫലങ്ങളുണ്ടാക്കും. ശരീരത്തിലെ പ്രതിരോധസംവിധാന നാഡികളെ ആക്രമിക്കുന്ന ഗില്ലന്‍ ബറേ സിന്‍ഡ്രോം, തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന സെറിബ്രല്‍ വിനസ് സൈനസ് ത്രോംബോസിസ് എന്നിവയും ആസ്ട്രസെനക്ക വാക്‌സിന്‍ എടുത്തവരിലും കണ്ടെത്തി.
ഓസ്‌ട്രേലിയ, അര്‍ജന്റീന, കാനഡ, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ന്യൂസീലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ ഫൈസര്‍, മൊഡേണ, ആസ്ട്രസെനക്ക എന്നീ കൊവിഡ് വാക്‌സിന്‍ എടുത്ത 9.9 കോടി ആളുകളിലാണ് ഗ്ലോബല്‍ വാക്‌സിന്‍ ഡേറ്റ നെറ്റ്‌വര്‍ക്ക് പഠനം നടത്തിയത്. കൊവിഡ് വാക്‌സിനുകള്‍ താരതമ്യേന കുറച്ച് ആളുകളില്‍ മാത്രമേ ഇത്രയും ഗുരുതരമായ പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുന്നുള്ളു. എന്നാല്‍ കൊവിഡ്-19 ബാധിച്ചാല്‍ ഇത്തരം പ്രത്യഘാതങ്ങളുടെ സാധ്യതകള്‍ വളരെ കൂടുതലാണെന്നും അതിനാല്‍ വാക്‌സിനേഷന്‍ എടുക്കുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്നും ബയോടെക്‌നോളജി കമ്ബനിയായ സെന്റിവാക്‌സ് മേധാവി ജേക്കബ് ഗ്ലാന്‍വില്ലെ പറഞ്ഞു.
ഇന്ത്യയിലെ സ്ഥിതി
തമിഴ്‌നാട് വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് 207 പേരില്‍ നടത്തിയ സമാന്തര പഠനത്തില്‍ ഇന്ത്യയില്‍ കൊവിഡിനെ അതിജീവിച്ചവര്‍ക്ക് യൂറോപ്പിനെയും ചൈനയേയും അപേക്ഷിച്ച് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ചിലര്‍ക്ക് ഇത് ഒരു വര്‍ഷത്തിനുള്ളില്‍ മാറിയെങ്കിലും മറ്റുചിലര്‍ക്ക് സ്ഥിരമായ ശ്വാസകോശ തകരാറുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടി. അതേസമയം കോവിഷീല്‍ഡ്, കോവാക്‌സീന്‍ പോലുള്ള ഇന്ത്യന്‍ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലാണെന്നത് വാസ്തവവിരുദ്ധമാണെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിയരുന്നു.