ന്യൂ ഡെൽഹി: കൊറോണ വാക്സിൻ എടുക്കാനെത്തുന്ന ആളുകൾക്ക് ആധാർവേണമെന്ന് അധികൃതർ നിർബന്ധം പിടിക്കരുതെന്ന് സുപ്രീംകോടതി നിർദേശം. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം.
തുടർന്ന്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ് തുടങ്ങി ഒമ്പത് തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് വാക്സിനേഷന് രജിസ്റ്റർ നടത്താമെന്ന് ആരോഗ്യ മന്ത്രാലയം കോടതിയെ സത്യവാങ്മൂലത്തിൽ അറിയിച്ചു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വാക്സിൻ ലഭിക്കുന്നതിന് ആധാർ നിർബന്ധമല്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ മറുപടിയിൽ ഹർജി കോടതി തീർപ്പാക്കി.
പാസ്പോർട്ട് നൽകിയിട്ടും ഹർജിക്കാരന് മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയിൽ വാക്സിൻ നിഷേധിച്ച സംഭവത്തിൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം കോടതിയെ അറിയിച്ചു. ഒരു തിരിച്ചറിയൽ രേഖയുമില്ലാതെ ഇതിനോടകം 87 ലക്ഷം പേർക്ക് വാക്സിൻ നൽകിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.