വാക്സിൻ സ്വീകരിച്ചശേഷം കൊറോണ ബാധിച്ച 81.29 ശതമാനം പേരിലും ഡെൽറ്റ വകഭേദമെന്ന് പഠനം

September 11, 2021
213
Views

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ സ്വീകരിച്ചശേഷം കൊറോണ ബാധിച്ച 81.29 ശതമാനം പേരിലും കണ്ടത് വൈറസിന്റെ ഡെൽറ്റ വകഭേദമെന്ന് പഠനം. കേരളം അടക്കം മിക്ക സംസ്ഥാനങ്ങളിലും ഡെൽറ്റ വകഭേദമാണ് രണ്ടാംതരംഗം രൂക്ഷമാക്കിയത്.

പഠനവിധേയമാക്കിയ 155 സാംപിളുകളിൽ എല്ലാവരിലും നേരിയ രോഗലക്ഷണങ്ങൾ മാത്രമാണുണ്ടായതെന്നും ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നില്ലെന്നും ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ വ്യക്തമായി. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരുന്നവരുമുണ്ട്.

കൊല്ലം, ആലപ്പുഴ, വയനാട് എന്നിവ ഒഴികെയുള്ള പതിനൊന്നു ജില്ലകളിൽനിന്നുള്ള സാംപിളുകളാണ് പഠനവിധേയമാക്കിയത്. വാക്സിൻ സ്വീകരിച്ച് 16 മുതൽ 124 ദിവസത്തിനുള്ളിലാണ് ഇവർക്ക് രോഗം ബാധിച്ചതെന്നാണ് വിലയിരുത്തൽ. രോഗം പൂർണമായും ചെറുക്കാൻ വാക്സിൻ പര്യാപ്തമല്ലെങ്കിലും രോഗം ഗുരുതരമാകുന്നതും മരിക്കുന്നതും തടയാൻ വാക്സിനുകൾക്ക് കഴിയുന്നുവെന്നാണ് പഠനഫലം വെളിവാക്കുന്നത്. വാക്സിൻ വിതരണം ഏറെ മുന്നേറിയ ഇസ്രയേൽ, യു.കെ., മാൾട്ട, ഐസ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥിതികൂടി വിലയിരുത്തിയശേഷമാണ് ആരോഗ്യവുകപ്പ് ഈ നിഗമനത്തിലെത്തുന്നത്. വൈറസിന്റെ ഡെൽറ്റ വകഭേദത്തെ ചെറുക്കാനുള്ള ശേഷി ആദ്യഡോസ് സ്വീകരിച്ചവരിൽ 30.7 ശതമാനവും രണ്ട് ഡോസും സ്വീകരിച്ചവരിൽ 67 ശതമാനവും ആണെന്നും പഠനം വെളിവാക്കുന്നു.

വാക്സിൻ സ്വീകരിച്ചവർക്ക് രോഗബാധയുണ്ടായാൽ മറ്റുള്ളവരിലേക്ക് പകരാമെന്നും കണ്ടെത്തിയിട്ടുണ്ട്. നഴ്‌സിങ് കോളേജ് വിദ്യാർഥികൾക്കിടയിൽ ഇത്തരത്തിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടിരുന്നു. ഏപ്രിൽ-ജൂലായ് കാലയളവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വാക്സിൻ സ്വീകരിച്ചശേഷം രോഗബാധിതരായ 33 ആരോഗ്യ പ്രവർത്തകരെയും പഠനസംഘം നിരീക്ഷിച്ചിരുന്നു. എല്ലാവർക്കും നേരിയ ലക്ഷണങ്ങളെ ഉണ്ടായിരുന്നുള്ളൂ. മുഴുവൻ പേരിലും ഡെൽറ്റവകഭേദമാണ് കണ്ടതും. സി.എം.സി. വെല്ലൂർ നടത്തിയ പഠനത്തിൽ പൂർണമായും വാക്സിൻ സ്വീകരിച്ച 9.6 ശതമാനം ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു.

പഠനവിധേയമാക്കിയത്- 155 സാംപിൾ

രോഗലക്ഷണം പ്രകടിപ്പിച്ചവർ- 151

ആരോഗ്യപ്രവർത്തകർ- 57 (ലക്ഷണം പ്രകടിപ്പിക്കാത്തത്- 2)

ഡെൽറ്റ വകഭേദം- 126

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *