ആശങ്കകള്‍ക്ക് നടുവില്‍ ആറന്മുള ഉത്രുട്ടാതി ജലോത്സവത്തിന് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.
കോഴഞ്ചേരി: ആശങ്കകള്‍ക്ക് നടുവില്‍ ആറന്മുള ഉത്രുട്ടാതി ജലോത്സവത്തിന് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ജലോത്സവം ഉതൃട്ടാതി ദിനമായ നാളെ ഉച്ചകഴിഞ്ഞ് ഒന്നിന് ആറന്മുള ക്ഷേത്ര കടവില്‍ ആരംഭിക്കും.നദിയിലെ ജല നിരപ്പ് ഏറെ താഴുകയും പള്ളിയോടങ്ങള്‍ ചെളിയില്‍ ഉറയ്‌ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജലമേള നടക്കുന്നത്.ഡാമില്‍ നിന്നും കാര്യമായി വെള്ളം തുറന്നു വിട്ടാല്‍ മാത്രമേ മത്സര വള്ളംകളി നടത്താന്‍ കഴിയു.
മത്സരത്തിനുള്ള പള്ളിയോടങ്ങള്‍ക്ക് ഒരേ പോലെ തുഴഞ്ഞു പോകാനുള്ള വെള്ളം നെട്ടായത്തില്‍ എത്തേണ്ടതുണ്ട്. ജലോത്സവത്തിന്റെ തയ്യാറെടുപ്പുകള്‍ സംസ്‌ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെയും കലക്‌ടര്‍ ദിവ്യാ എസ്.അയ്യര്‍ ഡെപ്യൂട്ടി കലക്‌ടര്‍ റ്റി.ജി ഗോപകുമാര്‍ എന്നിവരുടെയും നേതൃ ത്വത്തില്‍ പള്ളിയോട സേവാ സംഘം ഓഫീസില്‍ കൂടിയ യോഗം വിലയിരുത്തി.
വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്ദ്യോഗസ്‌ഥരും പള്ളിയോട സേവാ സംഘം ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. ഓരോ വകുപ്പുകളും ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ജലോത്സവത്തിന്റെ നടത്തിപ്പ് സുഗമമാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുവാനും തീരുമാനിച്ചു. പള്ളിയോടങ്ങളുടെ പോക്കുവരവിനും, തിരുവോണതോണി വരവിനും തടസമായ മണല്‍പ്പുറ്റുകള്‍ കൂടുതല്‍ മിഷ്യനുകള്‍ ഇറക്കി നീക്കുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്.
ഡാമുകളില്‍നിന്നും ജലോത്സവത്തിന് ആവശ്യമായ പരമാവധി ജലം എത്തിക്കുവാനുള്ള പരിശ്രമം നടത്തുമെന്നു മന്ത്രി പറഞ്ഞു. ജലോത്സവം സംസ്‌ഥാന ടൂറിസം മന്ത്രി സജി ചെറിയാന്‍ ഉദഘാടനം ചെയ്യും. ജലഘോഷയാത്ര മന്ത്രി വീണാ ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്യും രാവിലെ 9.30നു ആറന്മുള ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി കൊണ്ടുവരുന്ന ഭദ്രദീപം കൊളുത്തി പത്തനംതിട്ട കലക്‌ടര്‍ ദിവ്യാ എസ്.അയ്യര്‍ പതാക ഉയര്‍ത്തുന്നതോടെ ജലോത്സവ പരിപാടികള്‍ ആരംഭിക്കും. സോപാന സംഗീതത്തോടെ ജലോത്സവത്തിന്റെ ഉത്‌ഘാടന സമ്മേളനം ആരംഭിക്കും. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.എസ് രാജന്‍ മൂലവീട്ടില്‍ ആധ്യക്ഷത വഹിക്കും. മാര്‍ഗദര്‍ശക മണ്ഡലം സംസ്‌ഥാന സെക്രട്ടറി സ്വാമിസത്സ്വരൂപാനന്ദ സരസ്വതി ദീപ പ്രോജ്‌ജ്വലനം നടത്തും. പാഞ്ചജന്യം സുവനീര്‍ പ്രകാശനം മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. പള്ളിയോട സേവാസംഘം നല്‍കുന്ന രാമപുരത്തു വാര്യര്‍ പുരസ്‌കാരം മാളികപ്പുറം സിനിമയുടെ സംവിധായകന്‍ അഭിലാഷ് പിള്ളക്ക് പ്രമോദ് നാരായണന്‍ എം.എല്‍.എ നല്‍കും.
പള്ളിയോട ശില്‌പി സന്തോഷ് ആചാരിയെ പത്തനംതിട്ട എം.പി ആന്റോ ആന്റണി ആദരിക്കും.വഞ്ചിപ്പാട്ട് ആചാര്യന്‍ ശിവന്‍കുട്ടി ആശാനെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ ആദരിക്കും. മുഖ്യ പ്രഭാഷണം മിസൊറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജാശേഖരന്‍ നിര്‍വഹിക്കും . സമ്മാനദാനം ചടങ്ങ് ട്രഷറര്‍ എന്‍.വി അയ്യപ്പന്‍ പിള്ള നിര്‍വ്വഹിക്കും. ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്‍, മാളികപ്പുറം ഫെയിം കുമാരി ദേവാനന്ദ തുടങ്ങി വിവിധ സമുദായിക- രാഷ്ര്‌ടീയനേതാക്കള്‍ പങ്കെടുക്കും.2017 നു ശേഷം നടക്കുന്ന മത്സരവള്ളംകളി കരനാഥന്‍മാരുടെയും ക്യാപ്‌റ്റന്‍മാരുടെയും കൂട്ടായ തീരുമാന പ്രകാരം കര്‍ശന നിബന്ധനകളോടെയാണ് നടപ്പിലാക്കുന്നത്.