പൊലീസ് ജീവന്‍ കളഞ്ഞും ഡോക്ടറെ സംരക്ഷിക്കണമായിരുന്നു

May 11, 2023
23
Views

പൊലീസ് ജീവന്‍ കളഞ്ഞും പ്രതിയുടെ ആക്രമണത്തില്‍ നിന്നും ഡോക്ടറെ സംരക്ഷിക്കണമായിരുന്നുവെന്ന് ഹൈക്കോടതി

കൊച്ചി: പൊലീസ് ജീവന്‍ കളഞ്ഞും പ്രതിയുടെ ആക്രമണത്തില്‍ നിന്നും ഡോക്ടറെ സംരക്ഷിക്കണമായിരുന്നുവെന്ന് ഹൈക്കോടതി.

ഇത്തരമൊരു സന്ദര്‍ഭം ഒരു ഡോക്ടര്‍ പ്രതീക്ഷിക്കുന്നില്ല. അതേസമയം പൊലീസുകാര്‍ ആക്രമണം പ്രതിരോധിക്കാന്‍ പരിശീലനം ലഭിച്ചവരാണ്. ആക്രണം ഉണ്ടായപ്പോള്‍ എല്ലാവരും ഓടിരക്ഷപ്പെടുകയാണ് ചെയ്തതെന്നും കോടതി വിമര്‍ശിച്ചു.

കോടതിയുടെ വിമര്‍ശനത്തെത്തുടര്‍ന്ന്, പൊലീസ് ജീവന്‍ കളഞ്ഞും ഡോക്ടറെ രക്ഷിക്കേണ്ടതായിരുന്നുവെന്ന് എഡിജിപി അജിത് കുമാര്‍ സമ്മതിച്ചു. പ്രതികളെ പരിശോധനയ്ക്ക് കൊണ്ടുവരുമ്ബോള്‍ ഒരു പ്രോട്ടോക്കോള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഒരാഴ്ചയ്ക്കകം പ്രോട്ടോക്കോളിന് രൂപം നല്‍കുമെന്ന് എഡിജിപി അറിയിച്ചു. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.

പരിശോധനയ്ക്കായി പ്രതി സന്ദീപിനെ പ്രൊസീജിയര്‍ റൂമില്‍ കയറ്റിയപ്പോള്‍ പൊലീസ് എവിടെയായിരുന്നുവെന്ന് കോടതി ചോദിച്ചു. പതിനൊന്നു തവണയാണ് പ്രതി വന്ദനയെ കുത്തിയത്. വന്ദനയ്ക്ക് നീതി കിട്ടാന്‍ വേണ്ടിയാകണം പൊലീസ് അന്വേഷണം. ഓരോ സംഭവം ഉണ്ടാകുമ്ബോഴും നടപടിയെടുക്കുമെന്ന് പറഞ്ഞതു കൊണ്ടായില്ല. ഇത് ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞു ഒഴിയാനാകില്ല. ഈ അക്രമത്തെ പൊലീസിന് എങ്ങനെ ന്യായീകരിക്കാനാകുമെന്ന് കോടതി ചോദിച്ചു.

ഇത് ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥനെയല്ല കുറ്റപ്പെടുത്തുന്നത്, മറിച്ച്‌ സംവിധാനത്തിന്റെ ആകെ വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു. വന്ദനയുടെ മാതാപിതാക്കളുടെ നഷ്ടത്തിന് ആര് ഉത്തരവാദിത്തം പറയും. നമ്മുടെ സംവിധാനമാണ് ഡോ. വന്ദനയുടെ ജീവന്‍ നഷ്ടപ്പെടുത്തിയത്. വന്ദനയുടെ മാതാപിതാക്കളെ തീരാദുഃഖത്തിലാഴ്ത്തിയതും ഇതേ സംവിധാനമാണ്.

അലസമായി സര്‍ക്കാര്‍ വിഷയത്തെ കാണരുത്. വിഷയം ആളിക്കത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. ഭയത്തെത്തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. പ്രതി മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലവും വിദൂരമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. എഡിജിപി എംആര്‍ അജിത് കുമാര്‍ കോടതിയില്‍ ഓണ്‍ലൈനായി ഹാജരായി നടന്ന സംഭവം വിശദീകരിച്ചു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ രൂപരേഖയും പൊലീസ് കോടതിയില്‍ ഹാജരാക്കി. ആശുപത്രിയില്‍ വെച്ച്‌ ബന്ധുവിനെയാണ് സന്ദീപ് ആദ്യം ആക്രമിച്ചത്. ഒബ്‌സര്‍വേഷന്‍ റൂമിലേക്ക് സന്ദീപിനെ കൊണ്ടുപോയത് രണ്ടു പൊലീസുകാരാണ്. ഡ്രസിങ് റൂമില്‍ വെച്ചാണ് സന്ദീപ് ആദ്യം അക്രമാസക്തനായത്. സന്ദീപ് ബന്ധു ബിനുവിനെ ചവിട്ടിവീഴ്ത്തി. തുടര്‍ന്ന് പൊലീസ് ഗാര്‍ഡിനെ കുത്തി.

ഇതിനുശേഷമാണ് ഡോ. വന്ദനയെ പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചത്. വന്ദനയെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. പ്രതി അക്രമാസക്തനായതോടെ പൊലീസുകാരന്‍ ലാത്തിയെടുക്കാന്‍ പൊലീസ് ജീപ്പിന് അരികിലേക്ക് ഓടി. മറ്റൊരു പൊലീസുകാരന്‍ കസേര എടുക്കാന്‍ പോയി. കസേര കൊണ്ട് അടിച്ചപ്പോഴാണ് പ്രതിയുടെ മുഖത്ത് പരിക്കേറ്റതെന്നും എഡിജിപി അജിത് കുമാര്‍ വിശദീകരിച്ചു.

സന്ദീപ് അക്രമാസക്തനായപ്പോള്‍ ഡ്രസിങ് റൂമിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. മറ്റുള്ളവരെല്ലാം മറ്റൊരു മുറിയിലേക്ക് മാറിയപ്പോള്‍ വന്ദന ഒറ്റപ്പെട്ടുപോയി. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ഭയപ്പെട്ടതുമൂലമാകാമെന്ന് എഡിജിപി പറഞ്ഞു. വീഴ്ചകളെ ന്യായീകരിക്കരുതെന്ന് കോടതി വിമര്‍ശിച്ചു. ആയുധങ്ങളൊന്നും കയ്യില്‍ കരുതാതെയാണോ ഇത്തരത്തിലൊരാളെ ആശുപ്തരിയില്‍ ഹാജരാക്കിയതെന്നും കോടതി ചോദിച്ചു.

പ്രതി പൊലീസിനെ നേരത്തെ വിളിച്ച ഫോണ്‍ സംഭാഷണവും എഡിജിപി കോടതിയെ കേള്‍പ്പിച്ചിരുന്നു. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സന്ദീപ് വിളിച്ച ഫോണ്‍സംഭാഷണമാണ് കേള്‍പ്പിച്ചത്. ആക്രമിക്കാന്‍ വന്നവരെ ഭയന്ന് കിണറ്റിലിറങ്ങി ഒളിച്ചിരുന്നപ്പോഴാണ് മുറിവുണ്ടായതെന്ന് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് പ്രതിയായിട്ടല്ലെന്നും എഡിജിപി വിശദീകരിച്ചു. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തും കോടതിയില്‍ ഓണ്‍ലൈന്‍ ആയി ഹാജരായിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *