തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് ട്രെയിനിന്റെ സമയം പുനഃപരിശോധിച്ച് വേണ്ട മാറ്റം വരുത്തും
തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് ട്രെയിനിന്റെ സമയം പുനഃപരിശോധിച്ച് വേണ്ട മാറ്റം വരുത്തും.
ഒരാഴ്ച കൂടി ട്രെയിനിന്റെ ഓട്ടം വിലയിരുത്തിയ ശേഷമായിരിക്കും സമയം പുനഃക്രമീകരിക്കുക. ഇടസ്റ്റേഷനുകളിലെ സമയമായിരിക്കും പുനഃക്രമീകരിക്കുക.
ചില സ്റ്റേഷനുകളില്‍ നിശ്ചിത സമയത്തില്‍ കൂടുതല്‍ ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വരുന്നത് സമയ ക്രമീകരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തുടരെയുള്ള വേഗ നിയന്ത്രണങ്ങളും ലോക്കോ പൈലറ്റുമാരുടെ പരിചയക്കുറവും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ സമയത്തെ ബാധിക്കുന്നുണ്ട്.
രണ്ട് മിനിറ്റ് സമയം മാത്രമുള്ള സ്റ്റോപ്പുകളില്‍ അഞ്ച് മുതല്‍ 12 മിനിറ്റ് വരെ നിര്‍ത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കാസര്‍കോട് സമയത്ത് തന്നെ എത്തുന്നുണ്ട്. എന്നാല്‍ ഓട്ടോമാറ്റിക് ഡോറുകളോടുള്ള യാത്രക്കാരുടെ പരിചയക്കുറവ് സമയത്തെ ബാധിക്കാറുണ്ട്. തിരുവനന്തപുരം ഡിവിഷനിലാണ് സമയം അധികവും എടുക്കുന്നത്. ഇതിന് പ്രധാന കാരണം ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള വേഗത നിയന്ത്രണങ്ങളാണ്. ഇരു ദിശകളിലുമായി 34 വേഗ നിയന്ത്രണങ്ങളാണ് ഉള്ളത്.