വര്‍ക്കല തീപ്പിടിത്തം: തീരാവേദനയിൽ നാട്; ഫോറൻസിക് പരിശോധന വിവരങ്ങൾ ഇന്ന് ലഭിക്കും‌‌

March 10, 2022
270
Views

തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് മരിച്ച അഞ്ച് പേരുടേയും സംസ്ക്കാരം വെള്ളിയാഴ്ച നടക്കും. മരിച്ച അഭിരാമിയുടെ അച്ഛൻ ലണ്ടനിൽ നിന്ന് ഇന്ന് രാത്രിയെത്തും. അഞ്ച് പേരുടേയും സംസ്കാരം അപകടം നടന്ന വീട്ടുവളപ്പിലാണ് നടക്കുന്നത്. തീപിടുത്തത്തിൽ വീട്ടുടമസ്ഥൻ പ്രതാപന്റെ ഭാര്യ ഷേർളി, മരുമകൾ അഭിരാമി, മകൻ അഖിൻ, എട്ട് മാസം പ്രായമായ കൊച്ചുമകൻ എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകാണ്. ഫോറൻസിക് പരിശോധനയുടെ പ്രാഥമികവിവരം ഇന്ന് കിട്ടും.

വീട്ടിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇന്ന് പരിശോധിക്കും. വർക്കലയില്‍ വീട്ടിലേക്ക് തീപടര്‍ന്നത് കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ നിന്നാണെന്നുള്ള വിവരങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലേക്ക് വീണതോടെ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. തീപ്പൊരി ഉണ്ടായി അഞ്ച് മിനിട്ടിന് ശേഷമാണ് പൊട്ടിത്തെറി ഉണ്ടായത്.

തുടര്‍ന്ന് അതിശക്തമായി തീ വീടിനകത്തേക്ക് കയറുകയായിരുന്നു. തീപ്പിടിത്തത്തില്‍ അട്ടിമറി സാധ്യതയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇന്നലെ രാവിലെ ഇലട്രിക് പരിശോധനാ വിഭാഗം ഉദ്യോഗസ്ഥ സംഘം തീപ്പിടത്തമുണ്ടായ വർക്കല അയന്തിയിലെ രാഹുൽ നിവാസിലെത്തി മീറ്റർ ബോക്സും വയറിംഗും വിശദമായി പരിശോധിച്ചിരുന്നു. സർക്യൂട്ട് ബ്രേക്കറിന് കാര്യമായി നാശം സംഭവിച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധ ഫലവും വീട്ടിനുള്ളിലെ നശിച്ച സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ നിർണ്ണായകമാണ്.

രണ്ട് ദിവസത്തിൽ ഇക്കാര്യങ്ങൾ ലഭിക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ നിശാന്തിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തീപ്പിടുത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ നിഹുലിന്‍റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി ബന്ധുക്കൾ അറിയിച്ചു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇദ്ദേഹത്തിന്‍റെ മൊഴിയും നിർണ്ണായകമാകും. അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തിന്‍റെ ഞെട്ടലിലാണ് ഒരു നാട് മുഴുവനും. തീപ്പിടിത്തമുണ്ടായ വീടിന് ചുറ്റമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്.

അസ്വഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിട്ടില്ലെന്നാണ് നിഗമനം. രാത്രി ഒന്നരക്ക് തീപ്പിടിത്തമുണ്ടാകുന്നത് കണ്ടെത്തിയ നാട്ടുകാർക്ക് വീട്ടിനുള്ളിലേക്ക് കയറാൻ കഴിഞ്ഞില്ല. വീടിന്റെ ഗേറ്റ് അകത്തുനിന്നും പൂട്ടിയിരുന്നു. വലിയൊരു വളർത്തു നായെയും അഴിച്ചുവിട്ടിരുന്നു. അതിനാൽ പെട്ടെന്ന് നാട്ടുകാർക്ക് വീട്ടിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. നാട്ടുകാർ ബഹളുമുണ്ടാക്കിയിട്ടും വീട്ടിലുള്ളവ‍ർ ഉണരാത്തതിനാൽ നിഹുലിനെ അയൽവാസി ഫോണിൽ വിളിച്ചുണർത്തുകയായിരുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *