തലച്ചോറിലേക്കുള്ള രക്തഓട്ടം സാധാരണനിലയിൽ: വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു

February 4, 2022
72
Views

കോട്ടയം: മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. അദ്ദേഹം ഡോക്ടർമാരോട് സംസാരിക്കുകയും ചെയ്തു. ബോധം വന്നയുടനെ ദൈവമേ എന്നാണ് ആദ്യം ഉച്ചരിച്ചത്. പിന്നീട് ഡോക്ടർ പേര് ചോദിച്ചപ്പോൾ സുരേഷ് എന്ന് മറുപടിയും നൽകി. ഇതോടെ തലച്ചോറിലേക്കുള്ള രക്തഓട്ടം സാധാരണനിലയിലായതിന്റെ ആശ്വാസത്തിലായി വൈദ്യസംഘം.

വ്യാഴാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തെ കട്ടിലിൽ ചാരിയിരുത്തി. ദ്രവരൂപത്തിലുള്ള ആഹാരവും നൽകി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം തൃപ്തികരമെന്ന് വിലയിരുത്തിയത്. സ്വയം ശ്വസിക്കാൻ ശ്രമിച്ചിരുന്ന സുരേഷിന്റെ വെന്റിലേറ്റർ സഹായം ഇതോടെ താത്കാലികമായി മാറ്റി.

മൂന്നുമണിക്കൂർ കഴിഞ്ഞ് നിരീക്ഷണത്തിനുശേഷം വെന്റിലേറ്റർ പൂർണമായും മാറ്റി. ഇതിനിടയിൽ സുരേഷ് ഡോക്ടർമാരുടെ ചോദ്യങ്ങൾക്ക് ആദ്യം അവ്യക്തമായ മറുപടി നൽകിത്തുടങ്ങി. അരമണിക്കുറിനുശേഷം പേരും മറ്റ് വിവരങ്ങളും കൃത്യമായി പറഞ്ഞു. ഇത് ശരീരം ആരോഗ്യത്തിലേക്ക് മടങ്ങുന്നതിന്റെ സൂചനയായി.

ശനിയാഴ്ച മുറിയിലേക്ക് മാറ്റിയേക്കും. 24 മണിക്കൂറും പ്രത്യേകസംഘത്തിന്റെ നിരീക്ഷണത്തിൽ കഴിയുന്ന സുരേഷിന്റെ നില ബുധനാഴ്ച ഉച്ചയോടെയാണ് കാര്യമായി മെച്ചപ്പെട്ടുതുടങ്ങിയത്. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ വിവിധവിഭാഗങ്ങളിലെ മേധാവികളാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്. തിങ്കളാഴ്ചയാണ് വാവസുരേഷിനെ മൂർഖന്റെ കടിയേറ്റ് ആശുപത്രിയിലാക്കിയത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *