വിസി നിയമനം; ഗവര്‍ണര്‍ ഒപ്പിടാന്‍ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ്

December 13, 2021
329
Views

കണ്ണൂര്‍ വിസി നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമ്മര്‍ദത്തിന് വഴങ്ങി ഒപ്പിട്ട ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും നിയമനങ്ങളിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കം പ്രതിപക്ഷത്തിന്റെ വിഷയമല്ല. മുൻപും ഈ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിൽ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. സര്‍വകലാശാലകള്‍ സിപിഎം സെന്‍ററാക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം തുടങ്ങും. ആരോപണ വിധേയമായ എല്ലാ നിയമനങ്ങളും റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടികാട്ടിയതാണ്. ഗവര്‍ണര്‍ ഇപ്പോഴെങ്കിലും തെറ്റ് മനസിലാക്കിയതില്‍ സന്തോഷമുണ്ട്. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നതും പ്രതിപക്ഷം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. പ്രധാന തസ്തികകള്‍ പാര്‍ട്ടിക്കാര്‍ക്കായി റിസര്‍വ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരള പൊലീസിൽ ആർഎസ്എസ് ഉണ്ടെന്ന സിപിഐ വാദം ശരിയാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാർ ശക്തികളാണ്. മോദി സർക്കാരിന്റെ അതേപാതയാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്. സംഘപരിവാർ ശൈലിയിലുള്ള നടപടി യൂഡിഎഫിനോട് എടുക്കാൻ നിൽക്കേണ്ടെന്നും മുഖ്യമന്ത്രിയ്ക്ക് പ്രതിപക്ഷ നോതാവ് മുന്നറിയിപ്പ് നൽകി.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *