സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുന്നതിനിടെ വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുന്നതിനിടെ വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍. സ്ഥിതി തുടര്‍ന്നാല്‍ ഓണക്കാലത്ത് വിലക്കയറ്റം തീവ്രമാകുമെന്നാണ് സൂചന.
അതേസമയം, സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നതോടെ ഓണം വറുതിയുടേതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വിമര്‍ശിച്ചു.
ഒന്നര മാസത്തിനിടെ പൊതു വിപണിയില്‍ വിലക്കയറ്റം അതിരൂക്ഷമായിട്ടും ഇടപെടാതെ മൗനം പാലിക്കുകയാണ് സര്‍ക്കാര്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്തുമെന്നും വിപണിയില്‍ ഇടപെടല്‍ നടത്തുമെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനം പാഴായിരിക്കുകയാണ്. കുറഞ്ഞ വിലയില്‍ പച്ചക്കറികള്‍ എത്തിക്കുമെന്ന ഹോര്‍ട്ടി കോര്‍പിന്റെ പ്രഖ്യാപനവും പ്രാഥമിക ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങിയിരിക്കുന്നു.
പച്ചക്കറികള്‍ക്കും പലവ്യഞ്ജനത്തിനും ദിവസവും വില ഉയരുമ്ബോള്‍ ചില്ലറ വിപണിയില്‍ അഞ്ച് മുതല്‍ 10 രൂപ വരെയാണ് വില കൂട്ടി വില്‍ക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലും ചില ഇനങ്ങള്‍ക്ക് 10, 12 രൂപ കൂട്ടിയാണ് വില്‍പന നടത്തുന്നതെന്നും പരാതികള്‍ ഉയരുന്നുണ്ട്. അരി വിലയിലും നേരിയ വര്‍ദ്ധനവാണുള്ളത്. തക്കാളി, ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പയര്‍, ബീൻസ് തുടങ്ങിയവയുടെ വില കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്.