കെെക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലന്‍സ് സംഘത്തിന്റെ പിടിയില്‍.
തൃശൂര്‍: കെെക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലന്‍സ് സംഘത്തിന്റെ പിടിയില്‍. തൃശൂര്‍ ആറങ്ങോട്ടുകര വില്ലേജ് അസിസ്റ്റന്റ് അയ്യപ്പന് ആണ് പിടിയിലായത്.
പാലക്കാട് പട്ടാമ്ബി സ്വദേശി അബ്ദുള്ളകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തന്റെ പേരിലുള്ള സ്ഥലത്തിന്റെ ആര്‍ഒആര്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി ഉദ്യോഗസ്ഥൻ 5000 രൂപ കൈക്കൂലി ചോദിച്ചെന്നാണ് പരാതി.
അബ്ദുള്ളക്കുട്ടി തന്റെ പേരിലുള്ള സ്ഥലത്തിന്റെ ആര്‍ഒആര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ആറങ്ങോട്ടുകര വില്ലേജില്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷ അനുസരിച്ച് സ്ഥലം നോക്കുന്നതിനായി വില്ലേജ് അസിസ്റ്റന്റ് അയ്യപ്പൻ സ്ഥലത്തെത്തി സ്ഥലം പരിശോധിച്ചു. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്കണമെങ്കില് 5,000 രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് സ്ഥലം ഉടമ വിജിലൻസിനെ സമീപിച്ചത്.
വിജിലൻസ് സംഘം നല്കിയ ഫിനോള്‍ഫ്തലിന്‍ പുരട്ടിയ നോട്ട് അബ്ദുല്ലകുട്ടി അയ്യപ്പന് കെെക്കൂലിയായി നല്‍കുകയായിരുന്നു. ഇതിനിടെ സമീപത്ത് മറഞ്ഞിരുന്ന വിജിലൻസ് സംഘം അയ്യപ്പനെ കൈയ്യോടെ പിടികൂടുകയായിരുന്നു. വിജിലന്‍സ് ഇൻസ്പെക്ടര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.