കേരളത്തില്‍ മാത്രമല്ല, ലോകത്തില്‍ എവിടെയാണെങ്കിലും ഒരു വ്യവസായ സംരംഭം വിജയിപ്പിച്ചെടുക്കുക എന്നത് അത്ര നിസാരമായൊരു കാര്യമേയല്ല.
ദിനരാത്രങ്ങളുടെ കഷ്ടപ്പാടുണ്ടെങ്കിലേ എവിടെയാണെങ്കിലും ഉയരങ്ങള്‍ കീഴടക്കാനാവൂ. കോലഞ്ചേരിയിലെ ഗ്രാമീണ ചുറ്റുപാടുകളില്‍ നിന്ന് ലോകത്തിന്‍റെ നെറുകയിലെത്തിയ വിജു ജേക്കബ് എന്ന വ്യവസായിയുടെ കഥയും അങ്ങനെ തന്നെയാണ്.
1972-ല്‍ 10 ജീവനക്കാരുമായി തുടങ്ങിയ ചെറിയ കമ്ബനിയില്‍ നിന്നും ഇന്ന് 3100 കോടി വിറ്റുവരവുള്ള സിന്തൈറ്റ് ഇൻഡസ്ട്രീസ് എന്ന കമ്ബനിയുടെ മാനേജിംഗ് ഡയറക്ടറാണ് വിജു ജേക്കബ്. കേരളത്തിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന കയറ്റുമതി ചെയ്യുന്ന വ്യവസായത്തിലാണ് തുടക്കമിട്ടതെങ്കിലും ഇപ്പോള്‍ സുഗന്ധവ്യഞ്ജനങ്ങളില്‍ നിന്ന് ആരംഭിച്ച് ഭക്ഷ്യ മേഖലയും കടന്ന് ഹോസ്പ്പിറ്റാലിറ്റി, റിയല്‍ എസ്‌റ്റേറ്റ്, പവര്‍ ജനറേഷന്‍ എന്നിങ്ങനെ വിവിധ മേഖലയിലേക്ക് സിന്തൈറ്റ് ഗ്രൂപ്പ് എത്തിയിട്ടുണ്ട്.
പക്ഷേ ഈ പേര് പെട്ടന്ന് മനസിലാക്കണെങ്കില്‍ സാധാരണക്കാരന്റെ അടുക്കളയിലേക്ക് എത്തുന്ന കിച്ചന്‍ ട്രഷേഴ്‌സിന്റെ പേര് മതിയാവും. സിന്തൈറ്റിന്റെ ഉത്പ്പന്നമാണ് ശരിക്കും കിച്ചന്‍ ട്രഷേഴ്‌സ്. ബിസിനസ് പോലെ തന്നെ വാഹനങ്ങളോടും ഏറെ കമ്ബമുള്ള വ്യക്തിയാണ് വിജു ജേക്കബ്. തലക്കെട്ടില്‍ സൂചിപ്പിച്ചതു പോലെ തന്നെ 4.20 കോടി വിലയുള്ള പുത്തൻ കാർ സ്വന്തമാക്കിയ സന്തോഷ വാർത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്.
കേരളത്തിലെ ആദ്യത്തെ ഫെറാറി റോമയാണ് സിന്തൈറ്റ് ഇൻഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്‌ടർ സ്വന്തമാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ മെർസിഡീസ് മെയ്ബാക്ക്, ജി-വാഗണ്‍, ബിഎംഡബ്ല്യു പോലുള്ള അത്യാഡംബര കാറുകളാല്‍ സമ്ബന്നമായ വീട്ടിലേക്കാണ് തലയെടുപ്പോടെ ഈ ഇറ്റാലിയൻ കൂപ്പെ സ്പോർട്സ് കാർ എത്തിയിരിക്കുന്നത്. ആരു കൊതിക്കുന്ന രൂപവും ഭാവവുമുള്ള റോമ ശരിക്കും പെർഫോമൻസിലും പുലിക്കുട്ടിയാണ്.