ചൈനയിലെ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ വ്യാപനം കോവിഡിന് മുൻപുള്ള കണക്കുകളെക്കാള്‍ ഉയര്‍ന്നതല്ലെന്ന് ലോകാരോഗ്യ സംഘടന (WHO).
ചൈനയിലെ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ വ്യാപനം കോവിഡിന് മുൻപുള്ള കണക്കുകളെക്കാള്‍ ഉയര്‍ന്നതല്ലെന്ന് ലോകാരോഗ്യ സംഘടന (WHO).
എപ്പിഡെമിക് ആൻഡ് പാൻഡെമിക് പ്രിപ്പേര്‍ഡ്‌നെസ് ആൻഡ് പ്രിവൻഷൻ ഡിപ്പാര്‍ട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടര്‍ മരിയ വാൻ കെര്‍ഖോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതാണ് കുട്ടികളില്‍ രോഗവ്യാപനത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ കോവിഡിന് മുൻപുള്ള 2018-2019 കാലയളവിലെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്ബോള്‍ നിലവിലെ കേസുകള്‍ ഉയര്‍ന്നതല്ലെന്ന് മരിയ വാൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കൂടാതെ ഇത് ഒരു പുതിയ വൈറസിന്റെ സൂചനയല്ല എന്നും ഒന്നോ രണ്ടോ വര്‍ഷം മുമ്ബ് മിക്ക രാജ്യങ്ങളും ഈ അവസ്ഥ നേരിട്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ വര്‍ദ്ധനവ് പല രോഗികളുടെയും രക്തചക്രമണത്തെയാണ് ബാധിച്ചിരിക്കുന്നത് എന്ന് ഞായറാഴ്ച ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. ഇതിനു പ്രധാന കാരണം ഇൻഫ്ലുവൻസ വൈറസ് ആണെന്നും ചൂണ്ടിക്കാട്ടി. നിലവിലെ രോഗ വ്യാപനം ന്യുമോണിയ ക്ലസ്റ്ററായി മാറിയിരിക്കുന്ന പശ്ചാത്തലത്തില്‍ ചൈനയോട് ലോകാരോഗ്യ സംഘടന വിശദീകരണം തേടിയിരുന്നു. അതേസമയം ഇപ്പോള്‍ ചൈന നല്‍കിയ റിപ്പോര്‍ട്ടിന്റെ സുതാര്യത എത്രത്തോളം ആണെന്ന കാര്യത്തില്‍ പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
എങ്കിലും നിലവിലെ കേസുകളില്‍ പുതിയതോ അസാധാരണമോ ആയ വൈറസുകള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നാണ് കഴിഞ്ഞ ആഴ്ച ലോകാരോഗ്യ സംഘടന അറിയിച്ചത്. നിലവിലെ കോവിഡ് സാഹചര്യവും ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. നിലവിലെ സാഹചര്യം വളരെ മെച്ചപ്പെട്ടതാണെന്നും ഇനി വൈറസ് ബാധകള്‍ ഉണ്ടായാലും വാക്സിനേഷൻ എടുത്തതിനാല്‍ ഒരു പരിധിവരെ പ്രതിരോധശേഷി ആളുകളില്‍ നിലനില്‍ക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.