ജപ്പാനില്‍ ആശങ്ക പടര്‍ത്തി അപൂര്‍വ ബാക്ടീരിയല്‍ അണുബാധ; മരണസംഖ്യ ഉയരുന്നു

March 18, 2024
0
Views

ജപ്പാനില്‍ അപൂർവവും അപകടകാരിയുമായ ബാക്ടീരിയല്‍ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്.

ടോക്കിയോ: ജപ്പാനില്‍ അപൂർവവും അപകടകാരിയുമായ ബാക്ടീരിയല്‍ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കല്‍ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന് അറിയപ്പെടുന്ന രോഗം ആശങ്ക പടര്‍ത്തി മുൻ വർഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കല്‍ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കല്‍ ടോക്സിക് ഷോക്ക് സിൻഡ്രോം രോഗികളെയാണ് സ്ഥിരീകരിച്ചതെങ്കില്‍ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളില്‍ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാഗത്തില്‍ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ഗ്രൂപ്പ് എ വിഭാഗം അമ്ബതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതല്‍ ഡിസംബർ വരെ രോഗം സ്ഥിരീകരിച്ച അമ്ബതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരില്‍ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച്‌ മുപ്പതു വയസ്സിനു മുകളിലുള്ളവരില്‍ സ്ഥിതി കൂടുതല്‍ വഷളായേക്കാം.പ്രായമായവരില്‍ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോള്‍ ടോണ്‍സിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങള്‍ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കല്‍ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കാം.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *