മലയാളികളുടെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് വിഷു. സമൃദ്ധിയുടെ നേര്ക്കാഴ്ച്ചകളിലേക്ക് മലയാളി കണി കണ്ടുണരുന്ന ദിവസമാണ് വിഷു.
ഐതിഹ്യങ്ങള് പലതുണ്ടെങ്കിലും കാര്ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് വിഷു ആഘോഷിക്കുന്നത്. പുതിയ വർഷത്തിന്റെ തുടക്കമായും ഒരു വർഷത്തെ കൃഷിയിറക്കാനുള്ള ദിവസമായും വിഷു ആഘോഷിച്ചു വരുന്നു.
മേടസംക്രാന്തി ദിനത്തിലാണ് വിഷു ആഘോഷിക്കുന്നത്. ഐശ്വര്യപൂര്ണമായ വരും വര്ഷത്തെ സമ്ബദ് കാഴ്ചകളിലേക്ക് കണി കണ്ടുണരുന്ന ദിവസം. കണിയൊരുക്കലാണ് വിഷുവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളില്‍ ഒന്ന്. വിളവെടുപ്പ് ഉത്സവം എന്നു പേരുള്ളതു കൊണ്ടു തന്നെ കാര്ഷിക വിളകള്ക്കാണ് കണിയില്‍ പ്രാധാന്യം.
കത്തിച്ചു വെച്ച നിലവിളക്കിനു മുന്നില്‍ ഓട്ടുരുളിയില്‍ കൊന്നപ്പൂവ്, വെള്ളരിക്ക, ചക്ക, മാങ്ങ, മറ്റു ഫലവർഗങ്ങള്‍, നാളികേരം, അഷ്ടമംഗല്യം, അരി, കോടിമുണ്ട്, സ്വർണം, പണം എന്നിവയെല്ലാം ഒരുക്കി വയ്ക്കുന്നു. വിളഞ്ഞു പാകമായ മഞ്ഞ നിറത്തിലുള്ള വെള്ളരിക്കയാണ് കണിയ്ക്ക് ഉപയോഗിക്കുന്നത്, ചിലയിടങ്ങളില്‍ ഇതിന് കണിവെള്ളരി എന്നും പേരുണ്ട്.
കണി ഉരുളിയില്‍ വാല്‍ക്കണ്ണാടിയും വയ്ക്കണമെന്നാണ് നിഷ്ഠ. രാമായണം, മഹാഭാരതം, ഭഗവദ്ഗീത തുടങ്ങിയ ഗ്രന്ഥങ്ങളും കൃഷ്ണപ്രതിമയോ ഫോട്ടോയോ കൂടെ വയ്ക്കുന്ന പതിവുമുണ്ട്. വെള്ളം നിറച്ച കിണ്ടിയും ചിലയിടങ്ങളില്‍ കണിയ്ക്ക് ഒപ്പം വയ്ക്കാറുണ്ട്.
ബ്രാഹ്മമുഹൂർത്തത്തിലാവണം വിഷു കണി കാണേണ്ടത്. സൂര്യോദയത്തിനു മുൻപുള്ള 48 മിനിറ്റിനു (രണ്ടു നാഴിക) മുൻപു 48 മിനിറ്റാണു ബ്രാഹ്മമൂഹൂർത്തം എന്നാണ് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുളളത്. രാത്രിയിലെ പതിനാലാമത്തെ മുഹൂർത്തമാണു ബ്രാഹ്മമുഹൂർത്തം. അതായത്, സൂര്യോദയം ആറു മണിക്കെങ്കില്‍ പുലർച്ചെ 4.24നു ബ്രാഹ്മമുഹൂർത്തം തുടങ്ങും. 5.12ന് അവസാനിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിഷു ആശംസ
വിഷു നമ്മുടെ സമ്ബന്നമായ കാർഷിക പാരമ്ബര്യത്തിന്റെ ആഘോഷവും അടയാളപ്പെടുത്തലുമാണ്. സമ്ബല്‍സമൃദ്ധവും സംതൃപ്തി നിറഞ്ഞതുമായ ഒരു നല്ല നാളേക്ക് വേണ്ടിയുള്ള പ്രതീക്ഷകളാണ് വിഷു ആഘോഷങ്ങളുടെ കാതല്‍. സാമൂഹ്യജീവിതത്തില് കര്ഷകനെയും കാര്ഷികവൃത്തിയെയും കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്നു എന്നതുതന്നെയാണ് ഇതര ഉത്സവങ്ങളില് നിന്ന് ഇതിനെ വേറിട്ടുനിര്ത്തുന്നത്. നമ്മുടെ കാർഷിക സംസ്കാരം തിരിച്ചുപിടിക്കാനും സമ്ബുഷ്ടമാക്കാനുമുള്ള ഓർമ്മപ്പെടുത്തലാവട്ടെ ഈ വർഷത്തെ വിഷു.
തുല്യതയുടേതായ വേളയായിക്കൂടിയാണു പഴമക്കാര് വിഷുവിനെ കാണുന്നത്. ജാതി, മത ഭേദങ്ങളില്ലാത്ത മനുഷ്യമനസ്സുകളുടെ സമത്വത്തെ ഉയര്ത്തിയെടുക്കുന്നതിനു പ്രചോദനം നല്കും അത്. നാനാ ജാതി മതസ്ഥർ ഒത്തൊരുമയോടെ ജീവിക്കുന്ന നമ്മുടെ രാജ്യത്ത് വർഗീയ ഭിന്നിപ്പുണ്ടാക്കാൻ പ്രതിലോമ ശക്തികള്‍ ഗൂഢമായ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. ഈ അപകടത്തെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇരുളിനു മേലുള്ള വെളിച്ചത്തിന്റെ വിജയമായും വിഷുവിനെ ഐതിഹ്യങ്ങള് കാണുന്നുണ്ട്. സാഹോദര്യവും സമത്വവും പുലരുന്ന ഒരു പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പായി ഈ വിഷു ആഘോഷങ്ങള്‍ മാറട്ടെ. ഏവർക്കും വിഷു ആശംസകള്‍.
കേരളത്തിനു പുറത്തെ പുതുവർഷാഘോഷം
കേരളത്തിലെ വിഷു ആഘോഷ ദിവസം ബംഗാളില്‍ പൊയ്ല ബൊയ്ഷാഖ്, പഞ്ചാബില്‍ ബൈശാഖി, അസമില്‍ റൊംഗാലി ബിഹു ആഘോഷമാണ്. ഇന്ത്യയില്‍ മാത്രമല്ല, ഏപ്രിലില്‍ പുതുവർഷാരംഭം ആഘോഷിക്കുന്നത്. തെക്കുകിഴക്കൻ ഏഷ്യയുടെ ഭാഗങ്ങള്‍, അതായത് തായ്ലൻഡ്, ലാവോസ്, കംബോഡിയ, മ്യാൻമർ എന്നിവയും ഇന്ത്യയിലെ പോലെയുള്ള ആഘോഷങ്ങളോടെ പുതുവർഷത്തെ വരവേല്‍ക്കുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളില്‍ പുതുവർഷ ആഘോഷം വ്യത്യസ്ത പേരുകളിലാണ്. തായ്ലൻഡ് സോങ്ക്രാൻ എന്ന പേരിലാണ് പുതുവർഷ ആഘോഷം. ലാവോസില്‍ ഇതിനെ ബണ്‍ പൈ മായ് എന്ന് വിളിക്കുന്നു, മ്യാൻമറും കംബോഡിയയും യഥാക്രമം തിൻഗ്യാൻ, ചോല്‍ ച്നാം ത്മേ എന്നീ പേരുകളില്‍ പുതുവർഷത്തെ സ്വീകരിക്കുന്നു.