കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ പി വിശ്വനാഥൻ അന്തരിച്ചു.
കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ പി വിശ്വനാഥൻ അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശനിലയിലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഡയാലിസിസ് ചെയ്യുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടാവുകയും ഇന്ന് രാവിലെ 9:35ന് തൃശ്ശൂരിലെ ആശുപത്രിയില്‍ വച്ച് അന്ത്യം സംഭവിക്കുകയുമായിരുന്നു.
തൃശ്ശൂര്‍ ജില്ലയിലേക്ക് കുന്നംകുളത്ത് കല്ലായില്‍ പാങ്ങന്റെയും പാറുക്കുട്ടിയുടെയും മകനായി 1940 ഏപ്രില്‍ 22ന് ജനിച്ച വിശ്വനാഥൻ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്ന് ബിരുദം കരസ്ഥമാക്കുകയും ചെയ്തു.
യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയ അദ്ദേഹം തൃശ്ശൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയാണ്. കുന്നംകുളം നിയോജകമണ്ഡലത്തില്‍ നിന്നും 1977 ലും 1980 ലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് 1987, 1991, 1996, 2001 വര്‍ഷങ്ങളിലും കൊടകര നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കരുണാകരൻ മന്ത്രിസഭയിലും ഉമ്മൻചാണ്ടി മന്ത്രിസഭയിലും വനവകുപ്പ് മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. കൊടകരയില്‍ നിന്ന് 2006, 2011 തുടങ്ങിയ വര്‍ഷങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചുവെങ്കിലും സിപിഎമ്മിനെ രവീന്ദ്രനാഥനോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, തൃശ്ശൂര്‍ ഡിസിസി സെക്രട്ടറി, കെപിസിസി നിര്‍വാഹക സമിതി, ഖാദി ബോര്‍ഡ് അംഗം, കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം, തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങി നിരവധി പദവികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.