വിസ്മയ കേസ്: കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും, മികച്ച അന്വേഷണം എന്ന് വിസ്മയുടെ പിതാവ്

September 10, 2021
226
Views

കൊല്ലം: വിസ്മയ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ മികച്ച അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത് എന്ന് വിസ്മയയുടെ പിതാവ് പറഞ്ഞു. ഇത്ര വേഗം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞത് മികച്ചരീതിയിലുള്ള അന്വേഷണ സംഘം ആയതിനാലാണ്. അന്വേഷണ സംഗം നടത്തിയ ത്യാഗം അറിയാം. മകള്‍ക്ക് നീതി ലഭിക്കും എന്ന് വിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം ശാസ്താംകോട്ടയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്ത് 90 ദിവസം തികയും മുമ്ബാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് മുന്‍ ജീവനക്കാരനുമായ കിരണ്‍കുമാര്‍ മാത്രമാണ് കേസിലെ പ്രതി.

ആത്മഹത്യാ പ്രേരണ ഉള്‍പ്പടെ 9 വകുപ്പുകള്‍ കുറ്റപത്രത്തില്‍ കിരണിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് സൂചന. നൂറ്റിരണ്ട് പേരാണ് സാക്ഷി പട്ടികയില്‍ ഉള്ളത്. ശാസ്താം കോട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.

പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാര്‍ ജാമ്യത്തില്‍ ഇറങ്ങുന്ന തടയാനാണാണ് 90 നാള്‍ തികയുംമുമ്ബ് കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ കേസിലെ വിചാരണ കഴിയുംവരെ കിരണ്‍കുമാര്‍ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത ഇല്ലാതെയാവും.

വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ തന്നെയാണ് കുറ്റപത്രത്തില്‍ കിരണിന് എതിരായ മുഖ്യ തെളിവ് ആവുക. വിസ്മയ കടുത്ത മാനസ്സിക പീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിസ്മയയുടെ മരണത്തിന് പിന്നാലെ അറസ്റ്റിലായ കിരണ്‍കുമാര്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *