പുത്തന്‍ ലോഗോ തിളക്കവുമായി മുന്നോട്ട് കുതിക്കാന്‍ വിഴിഞ്ഞം തുറമുഖം, സെപ്റ്റംബര്‍ 20- ഇന്ന് പുതിയ ലോഗോ പ്രകാശനം
തിരുവനന്തപുരം, സെപ്റ്റംബര്‍ 19. പുതിയ ലോഗോയുമായി ബ്രാന്‍ഡ് ശക്തിപ്പെടുത്തി മുന്നോട്ടു കുതിക്കാന്‍ തയ്യാറെടുക്കുകയാണ് അതിവേഗം ഒന്നാം ഘട്ടം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നര്‍ തുറമുഖം. സെപ്റ്റംബര്‍ ഇരുപതിന് രാവിലെ പതിനൊന്നരയ്ക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് വിഴിഞ്ഞം തുറമുഖത്തിന്റെ ലോഗോ അനാവരണം ചെയ്യും. തുറമുഖത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഇത് പുതിയ ഗതിവേഗം നല്‍കും.
തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെ ഹാര്‍മണി ഹാളില്‍ വെച്ചു നടക്കുന്ന പ്രൗഢമായ ചടങ്ങില്‍ ബഹു. തുറമുഖ വകുപ്പ് മന്ത്രി ശ്രീ അഹമ്മദ് ദേവര്‍കോവില്‍ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ വെച്ച് കേരള സര്‍ക്കാര്‍ സ്പെഷ്യല്‍ പര്‍പ്പസ് കമ്പനിയായ വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം ബഹു ധനകാര്യവകുപ്പ് മന്ത്രി ശ്രീ കെ.എന്‍ ബാലഗോപാല്‍ നിര്‍വ്വഹിക്കും. കമ്പനിയുടെ സമൂഹമാധ്യമ ചാനലുകളുടെ പ്രകാശനം ബഹു. വ്യവസായവകുപ്പ് മന്ത്രി ശ്രീ പി. രാജീവ് നിര്‍വ്വഹിക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ കെ.എസ്. ശ്രീനിവാസ് ഐഎഎസ് സ്വാഗതവും, വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട്സ് ലിമിറ്റഡ് എംഡി ഡോക്ടര്‍ അദീല അബ്ദുള്ള പ്രസന്റേഷനും നിര്‍വ്വഹിക്കും. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എംഡിയും സിഇഒയുായ ശ്രീ രാജേഷ് ഝാ നന്ദി പ്രകാശിപ്പിക്കും.
കഴിഞ്ഞ കുറെ നാളുകളായി ചടുലമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന തുറമുഖത്തിന്റെ യശസ്സ് പുതിയ ലോഗോ വര്‍ദ്ധിപ്പിക്കുകയും ലോകശ്രദ്ധ തുറമുഖത്തേയ്ക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ഷിപ്പ്മെന്റ് പോര്‍ട്ടായ വിഴിഞ്ഞിന്റെ ബ്രേക്ക് വാട്ടറുകളുടെ നിര്‍മാണം ഏതാണ്ട് 60 ശതമാനത്തിലധികം പൂര്‍ത്തിയായി. ആദ്യഘട്ടത്തിലെ 400 മീറ്റര്‍ നിളം വരുന്ന ബര്‍ത്തിന്റെ നിര്‍മാണവും അവസാനഘട്ടത്തിലാണ്.
തുറമുഖവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് വരും മാസങ്ങളില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിനാവശ്യമായ ക്രൈയിനുകളുമായി ആദ്യ കപ്പല്‍ അടുത്തമാസം 4ാം തീയതി തീരമണയും. കൂടതല്‍ ക്രൈയിനുകളുമായി രണ്ടാമത്തെ കപ്പല്‍ ഒക്ടോബര്‍ 28 നും, മൂന്നാമത്തെയും, നാലാമത്തെയും കപ്പലുകള്‍ യഥാക്രമം നവംബര്‍ 11നും 14നും തുറമുഖത്ത് നങ്കൂരമിടും.