ന്യൂഡല്‍ഹി: അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കള്‍ ബലമായി ദത്ത് നല്‍കിയ വിഷയത്തില്‍ രൂക്ഷമായ പ്രതികരണവുമായി സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ട്. ഏത് സാഹചര്യത്തിലാണെങ്കിലും മനുഷ്യത്വരഹിതമായ കാര്യമാണ് അവിടെ നടന്നതെന്ന് അവര്‍ പ്രതികരിച്ചു. നടന്നത് നീതി നിഷേധമാണ്. അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിക്കണമെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
സംഭവം വളരെ സങ്കീര്‍ണമായി തീര്‍ന്നിരിക്കുകയാണ്. കുഞ്ഞിനെ ദത്തെടുത്ത അമ്മയും സ്വന്തമെന്ന് കരുതിയാണ് വളര്‍ത്തുന്നത്. അവകാശങ്ങളേക്കാള്‍ യാഥാസ്ഥിതികത്വത്തിനാണ് ഇവിടെ മുന്‍തൂക്കം ലഭിച്ചത്. അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിക്കുകയാണ് വേണ്ടത് എന്നും വൃന്ദ കാരാട്ട് പറഞ്ഞു. നേതാക്കളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്രകമ്മിറ്റി യോഗത്തിനെത്തിയ ബൃന്ദ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
നേരത്തേ തന്നെ അനുപമ, ബൃന്ദ കാരാട്ടിന് പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ ഇടപെടാനായി ബൃന്ദ കാരാട്ട് പി.കെ. ശ്രീമതിയെ ഏല്‍പ്പിക്കുകയായിരുന്നു. സി.പി.എമ്മിന്‍റെ ഭാഗത്തുനിന്ന് തങ്ങളുടെ പരാതി ശ്രദ്ധയോടെ കേള്‍ക്കുകയും കരുണയോടെ പെരുമാറുകയും ചെയ്ത ഏകവ്യക്തി വൃന്ദ കാരാട്ട് ആണെന്ന് അജിത്തും അനുപമയും നേരത്തേ പറഞ്ഞിരുന്നു.
ആശുപത്രിയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്‍റെ പിതാവും മാതാവും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുന്‍ എസ്.എഫ്.ഐ നേതാവ് അനുപമയുടെ പരാതി. ഏപ്രില്‍ 19 ന് പേരൂര്‍ക്കട പൊലീസില്‍ ആദ്യ പരാതി നല്‍കി. തുടര്‍ന്ന് ഡി.ജി.പി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സി.പി.എം നേതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് അനുപമ മാധ്യമങ്ങളെ സമീപിച്ചത്.
നിലവില്‍ പേരൂര്‍ക്കട പൊലീസ് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിക്കാനാണെന്നും അന്വേഷണ മേല്‍നോട്ടമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അനുപമ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിലില്‍ ശിശുക്ഷേമസമിതിയില്‍ അവിടെ ലഭിച്ച കുഞ്ഞുങ്ങളുടെ വിവരം തേടി അനുപമയും അജിത്തും എത്തിയിരുന്നു. വിവരങ്ങള്‍ കോടതിയിലേ നല്‍കൂ എന്നാണ് സമിതി അന്ന് ഇവരോട് പറഞ്ഞത്. സമിതിയിലെ ഉന്നതരായ പലര്‍ക്കും കുഞ്ഞിനെ ഇവിടെ ഏല്‍പ്പിച്ച വിവരം അറിയാമായിരുന്നെന്നും ഒത്തുകളിയുണ്ടെന്നുമാണ് അനുപമയുടെ ആരോപണം.