ടെല്‍ അവീവ്: ഗാസയില്‍ കനത്ത വ്യോമാക്രമണം തുടരുന്ന ഇസ്രയേല്‍ സിറിയയെയും ആക്രമിച്ചു. ഇറാൻ വിദേശകാര്യമന്ത്രി ഇന്ന് സിറിയയില്‍ എത്താനിരിക്കെയാണ് യുദ്ധത്തിന് മറ്റൊരു മുഖം നല്‍കുന്ന ആക്രമണം.
തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് ഇറാനില്‍ നിന്ന് ആയുധങ്ങള്‍ വരുന്നത് തടയാൻ ഇസ്രയേല്‍ മുമ്ബും സിറിയൻ വിമാനത്താവളങ്ങളും തുറമുഖങ്ങളും ആക്രമിച്ചിട്ടുണ്ട്. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സിറിയൻ പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായി ഫോണില്‍ സംസാരിച്ചു.
സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിലെയും വടക്കൻ നഗരമായ ആലെപ്പോയിലെയും അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലാണ് മിസൈലാക്രമണം നടത്തിയത്. റണ്‍വേകള്‍ തകര്‍ന്നതോടെ രണ്ടിടത്തും വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചു. ആലെപ്പോയില്‍ നിരവധി സ്ഫോടനങ്ങളുണ്ടായി. ഗാസ സംഘര്‍ഷം തുടങ്ങിയ ശേഷം സിറിയയില്‍ നിന്ന് ഇസ്രയേലിലേക്ക് ആക്രമണം നടക്കുന്നുണ്ടായിരുന്നു. ഹിസ്ബുള്ള ആക്രമണം രൂക്ഷമായതോടെ ലെബനണ്‍ അതിര്‍ത്തിയിലും ഇസ്രയേല്‍ സേനാ വിന്യാസം കൂട്ടി.
ഗാസയില്‍ ഇതുവരെ മരണം 1500 ആയി. മൂന്നര ലക്ഷം പേര്‍ ഭവനരഹിതരായി. ഗാസയിലെ ബീച്ച് അഭയാര്‍ത്ഥി ക്യാമ്ബില്‍ ഇന്നലെ ഇസ്രയേല്‍ ആക്രമണത്തില്‍ 15 പേര്‍ മരിച്ചു. മറ്റ് നിരവധി കേന്ദ്രങ്ങളിലും പോര്‍വിമാനങ്ങള്‍ ബോംബുകളും മിസൈലുകളും വര്‍ഷിച്ചു. ബന്ദികളെ ഹമാസ് മോചിപ്പിക്കും വരെ വെള്ളമോ വൈദ്യുതിയോ ഇന്ധനമോ മറ്റ് അവശ്യ വസ്തുക്കളോ അനുവദിക്കില്ലെന്ന് ഇസ്രയേല്‍ ആവര്‍ത്തിച്ചു. ഹമാസിനെ പരമാവധി സമ്മര്‍ദ്ദത്തിലാക്കി ക്ഷീണിപ്പിക്കാനാണ് ശ്രമം.
അതിനിടെ, വെസ്റ്റ് ബാങ്കില്‍ രണ്ട് പാലസ്‌തീനികളെ ജൂത കുടിയേറ്റക്കാര്‍ കൊലപ്പെടുത്തി. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഇരുപത് ലക്ഷത്തോളം ജനങ്ങളെ ബാധിച്ചതായാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്.
വെള്ളത്തിനും ഭക്ഷണത്തിനും
പരക്കംപാച്ചില്‍
വൈദ്യുതി പ്ലാന്റ് അടച്ചതോടെ ജനങ്ങള്‍ ജനറേറ്ററുകളെയാണ് ആശ്രയിക്കുന്നത്. അവയിലെ ഇന്ധനവും തീരുന്നതോടെ പൂര്‍ണ ഇരുട്ടിലാവും. കഴിഞ്ഞ രാത്രി ഇരുട്ടില്‍ കഴിഞ്ഞ ജനങ്ങള്‍ ഇന്നലെ ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി പരക്കം പാഞ്ഞു. തുറന്നിരിക്കുന്ന ബേക്കറികള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ ആയിരുന്നു.രണ്ടായിരത്തിലേറെ പേര്‍ കഴിയുന്ന അല്‍ ഷിഫ ആശുപത്രിയില്‍ ദുരിതക്കാഴ്ചകളാണ്. പരിക്കേറ്റവര്‍ക്ക് അവശ്യ ചികിത്സ നല്‍കാൻ പോലും കഴിയുന്നില്ല.
എന്തും ചെയ്യാൻ
തയ്യാറെന്ന് അമേരിക്ക
അമേരിക്ക ഉള്ള കാലത്തോളം ഇസ്രയേലിന് വേണ്ടി എന്തും ചെയ്യുമെന്ന് യു. എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഇസ്രയേലിനെ നശിപ്പിക്കുകയാണ് ഹമാസിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. യുദ്ധത്തില്‍ 25 അമേരിക്കൻ പൗരന്മാര്‍ മരിച്ചെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ബ്ലിങ്കൻ ഇന്ന് ഖത്തറിലേക്ക് പോകും.