താലിബാനെതിരെ ഫേസ്ബുക്ക് പോസ്റ്റ്: എം കെ മുനീറിനും കുടുംബത്തിനും വധഭീഷണി; ‘ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാകും’

August 25, 2021
303
Views

കോഴിക്കോട്: താലിബാനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടതിന്‍റെ പേരില്‍ എം കെ മുനീര്‍ എം എല്‍ എയ്ക്ക് വധഭീഷണി. ‘ഫേസ്ബുക്ക് പോസ്റ്റ് ഉടന്‍ പിന്‍വലിക്കണം. താലിബാന് എതിരായ പോസ്റ്റ് ആയിട്ടല്ല അതിനെ കാണുന്നത്. മറിച്ച്‌ മുസ്ലീം വിരുദ്ധ പോസ്റ്റാണത്. 24 മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ നിന്നേയും കുടുംബത്തേയും തീര്‍പ്പ് കല്‍പിക്കും’- ഭീഷണിക്കത്തില്‍ പറയുന്നു. കുറെ കാലമായി മുസ്ലീം വിരുദ്ധതയും ആര്‍ എസ് എസ് സ്‌നേഹവും കാണുന്നു. ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശനം നടത്തിയതും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുതെന്നും കത്തില്‍ പറയുന്നുണ്ട്.

ഇന്ന് രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് അടുത്ത് നിന്ന് പോസ്റ്റ് ചെയ്ത കത്ത് മുനീറിന് ലഭിച്ചത്. നമ്മുടെ സ്ത്രീകള്‍ എങ്ങനെ ജീവിക്കുമെന്ന് ഞങ്ങള്‍ തീരുമാനിക്കും. നിന്‍റെ തീരുമാനങ്ങള്‍ നിന്‍റെ പുരയില്‍ മതിയെന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍ കത്തിലുണ്ട്. താലിബാന്‍ ഒരു വിസ്മയം എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. എന്നാല്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന ഭീഷണിയില്‍ ഭയമില്ലെന്ന് എം കെ മുനീര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കില്ല. താനും തന്‍റെ കുടുംബവും ഭീഷണികളെ ഭയക്കുന്നില്ലെന്നും മുനീര്‍ പറഞ്ഞു. കത്തിനെക്കുറിച്ച്‌ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. കത്തിന്‍റെ കോപ്പിയും അവര്‍ക്കയച്ചു. കഴിഞ്ഞ ആഴ്ചയാണ് താലിബാന്‍ എതിര്‍ക്കപ്പെടേണ്ടവരാണെന്ന് എം കെ മുനീര്‍ പോസ്റ്റ് ചെയ്ചത്. പോസ്റ്റിന് പിന്നാലെ കമ്ന്‍റ് ബോക്സിലും വലിയ ആക്രമണങ്ങള്‍ ഉണ്ടായി. ഇതിന്‍റെ തുടര്‍ച്ച തന്നെയായി ഭീഷണിക്കത്തിനെയും കാണണമെന്ന് മുനീര്‍ പറയുന്നു. താലിബാനെതിരെ മുസ്ലിം ലീഗിന് ശക്തമായ നിലപാടുകളുണ്ട്. അത് തന്നെയാണ് താനും പറയുന്നതെന്ന് മുനീര്‍ പറഞ്ഞു. താലിബാനെ പിന്തുണക്കുന്ന നിലപാടുകളോട് യോജിക്കുന്നില്ല. പഴയ താലിബാനില്‍ നിന്ന് എന്തെങ്കിലും മാറ്റം പുതിയ താലിബാന് ഉള്ളതായി അറിയില്ല. അത്തരം വാദം ഉയര്‍ത്തുന്നവര്‍ പ്രതിലോമചിന്തകളെയാണ് പ്രോത്സാഹിപ്പിക്കുനതെന്ന് മുനീര്‍ പറഞ്ഞു. താലിബാനെ പിന്തുണയ്ക്കുന്ന നിലപാടുകള്‍ അങ്ങേയറ്റം അപകടകരമാണ്.അത്തരക്കാരുടെ പ്രത്യയശാസ്ത്രത്തോട് യോജിപ്പില്ലെന്നും മുനീര്‍ വ്യക്തമാക്കി.

താലിബാനെതിരായ എം കെ മുനീറിന്‍റെ പോസ്റ്റ്-

അങ്ങേയറ്റം രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് അഫ്ഗാന്‍ ജനത എന്നും കടന്നു പോയിട്ടുള്ളത്. ഇപ്പോഴിതാ അശനിപാതം പോലെ അവര്‍ക്കു മീതെ വീണ്ടും താലിബാന്‍ എന്ന വിപത്ത് വന്നു ചേര്‍ന്നിരിക്കുന്നു. മനുഷ്യാവകാശങ്ങളെ മാനിക്കാത്ത, വിവേചനത്തിന്റെയും തീവ്ര മത മൗലിക വാദത്തിന്റെയും അപരവത്കരണത്തിന്റെയും പ്രതിലോമ രാഷ്ട്രീയമാണ് താലിബാന്‍. ഇത്തരം തീവ്രമായ മനുഷ്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ രാഷ്ട്രീയം ജാതിയുടെയും മതത്തിന്റെയും സത്വത്തിന്റെയും പേരില്‍ മുന്നോട്ട് വെക്കുന്ന എല്ലാ ഐഡിയോളജിയും അപകടകരവും ജനങ്ങളുടെ സ്വൈര ജീവിതത്തിന് വിഘാതവുമാണ്.

വിശ്വാസത്തിന്റെ ഏത് തലങ്ങള്‍ വെച്ച്‌ നോക്കിയാലും താലിബാന്‍ മനുഷ്യവിരുദ്ധമാണ്. എതിര്‍ക്കപ്പെടേണ്ടതാണ്. കൂട്ടപലായനം ചെയ്യുന്ന,ജീവനും കൊണ്ടോടുന്ന മനുഷ്യരെ എങ്ങനെയാണ് നാം അഭിസംബോധനം ചെയ്യുക..? താലിബാനെ ഭയന്നാണ് അവര്‍ സ്വജീവനും കൊണ്ടോടുന്നത്. അവരുടെ സ്ഥാനത്ത് നാം നമ്മെ ഒന്ന് സങ്കല്പിച്ചു നോക്കുക. ഈ കഴിഞ്ഞ ഒരു മാസത്തിനിടക്ക് ആയിരക്കണക്കിന് സാധാരണ വിശ്വാസികളെയാണ് താലിബാന്‍ വധിച്ചത്. സ്ത്രീകളെ തട്ടിക്കൊണ്ടു പോവുക, സ്ത്രീകള്‍ സ്‌കൂളില്‍ പോവരുത്, ജോലി ചെയ്യരുത് തുടങ്ങിയ അവസ്ഥയാണ് അഫ്ഗാനില്‍ താലിബാന്‍ ഉണ്ടാക്കിയത്. സാമ്രാജ്യത്വ താല്പര്യങ്ങള്‍ ജന്മം നല്‍കിയ താലിബാന്‍ പിന്നീട് അഫ്ഗാന്‍ ജനതക്കു മീതെ പതിച്ച വിപത്തായി മാറുന്നതാണ് ലോകം കണ്ടത്.

ഹിംസയുടെ ഇത്തരം രീതിശാസ്ത്രങ്ങള്‍ ഒരിടത്തും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. താലിബാന്‍ പ്രതിനിധാനം ചെയ്യുന്ന വിവേചനത്തിന്റെ ഹിംസാത്മക പ്രത്യയ ശാസ്ത്രത്തെ ഒരര്‍ത്ഥത്തിലും അംഗീകരിക്കാനാവില്ല. മനുഷ്യരെ വിഭജിക്കുന്ന ഒരു ഫാഷിസ്റ്റ് വര്‍ഗീയവാദത്തോടും സന്ധി ചെയ്യുന്ന പ്രശ്നമില്ല. ഏതൊരു തീവ്രതയെയും എതിര്‍ക്കുന്ന പ്രത്യേയശാസ്ത്രമാണ് ഇസ്‌ലാം. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എല്ലാ സംഘത്തെയും മത വിരുദ്ധവും മനുഷ്യവിരുദ്ധവും അല്ലെന്ന് പറയാന്‍ ആര്‍ക്കാണ് സാധിക്കുക! അഫ്ഘാന്‍ ജനതയോട് ഐക്യപ്പെടുന്നു.അവിടെ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ലോകം മുന്നോട്ട് വരട്ടെ…

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *