സിദ്ധാര്‍ത്ഥന്റെ മരണം: ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ കോളേജ് അധികൃതരുടെ തടവില്‍

March 5, 2024
34
Views

വയനാട് പൂക്കോട് വെറ്റിനറി സർവകലാശാല ഹോസ്റ്റലിലെ പെണ്‍കുട്ടികളെ വീട്ടിലേക്ക് പോകാൻ അനുവദിക്കുന്നില്ലെന്ന് പരാതി.

കല്പ്പറ്റ: വയനാട് പൂക്കോട് വെറ്റിനറി സർവകലാശാല ഹോസ്റ്റലിലെ പെണ്‍കുട്ടികളെ വീട്ടിലേക്ക് പോകാൻ അനുവദിക്കുന്നില്ലെന്ന് പരാതി.

രണ്ട് ഹോസ്റ്റലുകളിലായി താമസിക്കുന്ന നാന്നൂറോളം വിദ്യാർത്ഥികള്‍ കോളേജ് അധികൃതരുടെ തടവിലാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകള്‍. നിലവില്‍ ഹോസ്റ്റല്‍ ഗേറ്റ് പുറത്തു നിന്നും പൂട്ടിയിരിക്കുകയാണ്. രക്ഷിതാക്കള്‍ക്ക് ഫോണിലൂടെ മാത്രമാണ് നിലവില്‍ കുട്ടികളോട് സംസാരിക്കാന്‍ കഴിയുന്നത്.

എന്തുകൊണ്ടാണ് വിദ്യാർത്ഥികളെ വീട്ടിലേക്ക് വിടാത്തത് എന്ന ചോദ്യത്തിന് വിശദീകരണം നല്‍കാൻ കോളേജ് അധികൃതരും തയ്യാറാകുന്നില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ആര്‍ടിഐ വിംഗ് സംസ്ഥാന പ്രസിഡന്റ് സുജിത്ത് സുകുമാരൻ മുഖ്യന്ത്രിക്ക് പരാതി നല്‍കി. പെണ്‍കുട്ടികളെ വീട്ടില്‍ വിടാതെ പൂട്ടിയിട്ടിരിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

കോളേജിലെ പിടിഎയുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പും പ്രവർത്തനരഹിതമാണ്. ഗ്രൂപ്പ് അഡ്മിന്‍ ഒണ്‍ലി ആക്കിയതിനാല്‍ രക്ഷിതാക്കള്‍ക്ക് ഇതിലൂടെയും വിവരങ്ങള്‍ അന്വേഷിക്കാൻ കഴിയുന്നില്ല. ഇതിന് പരിഹാരം കാണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.

സിദ്ധാര്‍ത്ഥന്റെ മരണത്തിന് ശേഷം കോളജിലേക്ക് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ മതില്‍ പ്രതിഷേധക്കാർ ചാടിക്കടന്നെന്നും അതിനാല്‍ പുറത്തേക്ക് വിടാന്‍ സുരക്ഷയില്ലെന്നാണ് കുട്ടികളുടെ ചുമതലയുള്ള സ്റ്റാഫ് അഡൈ്വസർ നല്‍കുന്ന വിശദീകരണം..

കോളേജിലും ഹോസ്റ്റലിലും അരങ്ങേറിയുന്ന ക്രൂരമര്‍ദനവും മറ്റ് സംഭവങ്ങളും പുറത്തറിയാതിരിക്കാനാണ് പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ പൂട്ടിയിട്ടിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്. സിദ്ധാര്‍ത്ഥന്റെ മരണപ്പെട്ട ദിവസം മുതല്‍ കോളജ് അധികൃതരും ചില അധ്യാപകരും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി വിമര്‍ശനമുയരുന്നതിനിടയിലാണ് പെണ്‍കുട്ടികളെ പൂട്ടിയിട്ടിരിക്കുന്ന വാർത്തകള്‍ പുറത്ത് വരുന്നത്. സിദ്ധാര്‍ത്ഥന്റെ കുടുംബം തന്നെ കേസ് അട്ടിമറിക്കുന്നു എന്ന ആരോപണം ഉന്നയിച്ചിരുന്നു.

സിദ്ധാർത്ഥനെ മർദിച്ച്‌ കൊന്നതാണെന്ന് കോളജിലെ ഒരു വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഭയം കൊണ്ടാണ് പുറത്തു പറയാത്തതെന്ന് വിദ്യാർത്ഥിനി പറഞ്ഞു.

‘സിദ്ധാർത്ഥനെ പട്ടിയെ തല്ലുന്നത് പോലെ തല്ലി. ഹോസ്റ്റലിന്റെ നടുവില്‍ പരസ്യ വിചാരണ നടത്തി. വരുന്നുവരും പോകുന്നവരും തല്ലി. ക്രൂരമായി ഉപദ്രവിച്ചു. ബെല്‍റ്റും വയറും ഉപയോഗിച്ചാണ് തല്ലിയത്. സിദ്ധാർത്ഥന്റെ ബാച്ചില്‍ ഉള്ളവർക്കും പങ്കുണ്ട്. അവനെ തല്ലിക്കൊന്നത് തന്നെയാണ്. പുറത്തു നല്ലവരാണെന്ന് അഭിനയിച്ചവന്മാർ കഴുകന്മാരേക്കാള്‍ മോശം. ജീവനില്‍ ഭയമുള്ളതുകൊണ്ടാണ് പുറത്തുപറയാത്തത്’- കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖയില്‍ വിദ്യാർത്ഥിനി പറയുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *