കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ അകത്തായ മോന്‍സണ്‍ മാവുങ്കലിനെ കുറിച്ച് ഐ ജി ലക്ഷ്മണും അനിത പുല്ലയിലും നടത്തിയ വാട്സാപ്പ് ചാറ്റിലെ വിവരങ്ങള്‍ പുറത്ത്. അന്ന് ഡി ജി പിയായിരുന്ന ലോക്‌നാഥ് ബഹ്‌റ മോന്‍സണിന്റെ ഇടപാടുകളെ കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നതായി വാട്സാപ്പ് ചാര്റില്‍ അനിത ഐജിയോട് സൂചിപ്പിക്കുന്നുണ്ട്. ഇതുള്‍പ്പെടെയുള്ള നിരവധി ഡിജിറ്റല്‍ തെളിവുകള്‍ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടുണ്ട്.
മോന്‍സണ്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ നടത്തിയ ചാറ്റിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സെപ്തംബര്‍ 25നാണ് മോന്‍സണ്‍ അറസ്റ്റിലാകുന്നത്. അന്ന് രാത്രി 9.30നാണ് അനിതയും ഐജി ലക്ഷ്മണും തമ്മില്‍ ചാറ്റ് നടത്തിയത്. മോന്‍സണ്‍ അറസ്റ്റിലായെന്ന് അനിത പറയുന്നുണ്ട്. എന്നാല്‍ ഇതിന് ഐജി നല്‍കിയ മറുപടി ഡിലീറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ബഹ്റ മോന്‍സണിന്റെ ഇടപാടുകളില്‍ സംശയം പ്രകടിപ്പിച്ചതായും അനിത സൂചിപ്പിക്കുന്നുണ്ട്.
മോന്‍സണിന്റെ ഇടപാടുകളെകുറിച്ച് അനിതയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. മുന്‍ ഡി ജി പി ലോക്നാഥ് ബഹ്റയ്ക്ക് മോന്‍സണിനെ പരിചയപ്പെടുത്തി കൊടുക്കുന്നതും അനിതയാണ്. നിലവില്‍ വിദേശത്തുള്ള അനിതയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളെ കുറിച്ച് ക്രൈം ബ്രാഞ്ച് ആലോചിക്കുന്നുണ്ട്.