മുംബൈ: റിലയന്‍സ് ജിയോക്ക് വരിക്കാരുടെ എണ്ണത്തില്‍ ഡിസംബറില്‍ നേരിട്ടത് വന്‍ ഇടിവ്. 1.29 കോടി പേരാണ് ജിയോ ഉപേക്ഷിച്ചതെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ നഷ്ടത്തിനിടയിലും കമ്പനിയുടെ വിപണി വിഹിതം 36 ശതമാനമാണ്. എയര്‍ടെല്‍ 30.81 ശതമാനം വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്തുണ്ട്.
ഡിസംബറില്‍ എയര്‍ടെലിന് 4.5 ലക്ഷം വരിക്കാരുടെ വര്‍ധനവുണ്ടായി. 23 ശതമാനം വിപണി വിഹിതമുള്ള വൊഡഫോണ്‍ ഐഡിയയ്ക്ക് 16 ലക്ഷം വരിക്കാരെ ഡിസംബര്‍ മാസത്തില്‍ മാത്രം നഷ്ടപ്പെട്ടു. രാജ്യത്തെ വയല്‍ലെസ് ടെലികോം വരിക്കാരുടെ എണ്ണം 2021 നവംബറില്‍ 1167.5 ദശലക്ഷമായിരുന്നു. ഇത് ഡിസംബറില്‍ 1154.62 ദശലക്ഷമായി കുറഞ്ഞു. 1.10 ശതമാനമാണ് ഒരു മാസത്തിനിടെയുണ്ടായ കുറവ്.
സ്വകാര്യ ടെലികോം കമ്പനികളാണ് ടെലികോം വിപണിയുടെ സിംഹഭാഗവും കൈയ്യാളുന്നത്. 89.81 ശതമാനമാണ് സ്വകാര്യ ടെലികോം കമ്പനികളുടെ വിപണി വിഹിതം. എംടിഎന്‍എല്‍, ബിഎസ്എന്‍എല്‍ എന്നീ പൊതുമേഖലാ കമ്പനികളുടെ സംയോജിത വിപണി വിഹിതം 10.19 ശതമാനം മാത്രമാണ്. ഇതില്‍ 9.90 ശതമാനം ബിഎസ്എന്‍എല്ലിന്റേതും 0.28 ശതമാനം എംടിഎന്‍എല്ലിന്റേതുമാണ്.
വിപണിയുടെ 36 ശതമാനം വിഹിതവും കൈവശമുള്ള ജിയോ വരിക്കാരില്‍ 87.64 ശതമാനം പേരും ആക്ടീവ് യൂസര്‍മാരാണ്. വൊഡഫോണ്‍ യൂസര്‍മാരില്‍ 86.42 ശതമാനം ആക്ടീവ് യൂസര്‍മാരാണ്. ജിയോ 3.01 ശതമാനവും വൊഡഫോണ്‍ ഐഡിയ 0.60 ശതമാനവും നെഗറ്റീവ് വളര്‍ച്ച നേടിയപ്പോള്‍ എയര്‍ടെല്‍ 0.13 ശതമാനം മുന്നേറുകയാണ് ചെയ്തത്.