ഇടത് മുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാജ്യസഭാ സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനാണ് യോഗം. ബസ് ചാര്‍ജ് വര്‍ധനയും മദ്യ നയവും യോഗത്തില്‍ ചര്‍ച്ചയായേക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.
കേരളത്തില്‍ ഒഴിവു വരുന്ന 3 സീറ്റുകളില്‍ വിജയിക്കാവുന്ന 2 സീറ്റുകള്‍ സിപിഎം ഏറ്റെടുക്കാനാണ് സാധ്യത. ഒരു സീറ്റ് സിപിഐയ്ക്ക് നല്‍കുന്നതിനും സാധ്യതയുണ്ട്. സിപിഎം പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ യുവാക്കളും മുതിര്‍ന്ന നേതാക്കളുമുണ്ട്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവ് എ.എ.റഹിം, വി.പി.സാനു, ചിന്താ ജെറോം എന്നിവരാണ് യുവാക്കളുടെ പട്ടികയില്‍.
മുതിര്‍ന്ന നേതാക്കളുടെ കൂട്ടത്തില്‍നിന്ന് എ.വിജയരാഘവനും ടി.എം.തോമസ് ഐസക്കും സി.എസ്.സുജാതയും പരിഗണനയിലുണ്ട്. രാജ്യസഭയില്‍ ആറ് എംപിമാരാണ് നിലവില്‍ സിപിഎമ്മിനുള്ളത്. ഇതില്‍ ത്രിപുരയില്‍ നിന്നുള്ള അംഗത്തിന്റെ കാലാവധി അടുത്ത മാസം കഴിയും. അവിടെനിന്ന് പകരം ആളെ ജയിപ്പിക്കാനുള്ള അംഗബലം സിപിഎമ്മിനില്ല. അതുകൊണ്ടു കൂടിയാണ് രണ്ടു സീറ്റും ഏറ്റെടുക്കാനുള്ള ആലോചന.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി, കെ.സോമപ്രസാദ് (സിപിഎം), എം.വി.ശ്രേയാംസ് കുമാര്‍ (എല്‍ജെഡി) എന്നിവരുടെ കാലാവധിയാണ് ഏപ്രില്‍ രണ്ടിന് അവസാനിക്കുന്നത്. സിപിഐ, എല്‍ജെഡി, ജനതാദള്‍ (എസ്), എന്‍സിപി എന്നിവര്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിലേക്കു വന്നപ്പോള്‍ നല്‍കിയ സീറ്റ് അദ്ദേഹം അന്തരിച്ചപ്പോള്‍ മകനായ ശ്രേയാംസ് കുമാറിനു കൈമാറുകയായിരുന്നു. എന്നാല്‍, ഒരു എംഎല്‍എ മാത്രമുള്ള എല്‍ജെഡിക്ക് വീണ്ടും സീറ്റ് നല്‍കാന്‍ സാധ്യതയില്ല.
എല്‍ജെഡിയും ജനതാദള്‍ എസും ലയിക്കണമെന്ന സിപിഎം നിര്‍ദേശം നടപ്പിലാകാത്തതും തിരിച്ചടിയാകാം. ബിനോയ് വിശ്വമാണ് സിപിഐയുടെ രാജ്യസഭാ അംഗം. ഒരു സീറ്റ് വിട്ടുകൊടുക്കാന്‍ സിപിഎം തീരുമാനിച്ചാല്‍ സിപിഐയ്ക്കാണ് സാധ്യത കൂടുതല്‍. കഴിഞ്ഞ തവണ ലഭിച്ച മൂന്നു സീറ്റില്‍ സിപിഎം രണ്ടു സീറ്റ് എടുത്തപ്പോള്‍ ഒന്ന് കേരളാ കോണ്‍ഗ്രസ് എമ്മിനു നല്‍കി. അടുത്ത തവണ ഒഴിവ് വരുന്ന രണ്ടു സീറ്റില്‍ ഒന്ന് നല്‍കാമെന്ന ഉറപ്പ് അന്ന് സിപിഎം നല്‍കിയിരുന്നതായി സിപിഐ നേതാക്കള്‍ പറയുന്നു. യുഡിഫിന്റെ ഒരു സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും. കോണ്‍ഗ്രസില്‍ സീറ്റു ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. 21ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണം. 31ന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ വോട്ടെണ്ണും.