‘കൊടി ആര് സ്ഥാപിച്ചാലും നടപടി സ്വീകരിക്കും’; മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനങ്ങൾക്കെതിരെ ഹൈക്കോടതി

March 8, 2022
91
Views

സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനങ്ങൾക്കെതിരെ ഹൈക്കോടതി. പാതയോരങ്ങളിൽ നിയമവിരുദ്ധമായി കൊടിതോരണങ്ങൾ സ്ഥാപിച്ചത് ആരാണെന്നത് ഹൈക്കോടതിക്ക് വിഷയമല്ലെന്നും ആരു സ്ഥാപിച്ചാലും നടപടിയുണ്ടാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കൊച്ചി നഗരത്തിൽ നിയമവിരുദ്ധമായി കൊടിതോരണങ്ങൾ സ്ഥാപിച്ചതിനെതിരെയുള്ള കേസ് പരിഗണിക്കവേയാണ് ജസ്റ്റിസിന്റെ പ്രതികരണം.

നടപടിയെടുക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് പേടിയെങ്കിൽ തുറന്ന് പറയണമെന്ന് കോടതി അറിയിച്ചു. പേടിയില്ലാത്ത ഉദ്യോഗസ്ഥർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അനധികൃതമായി സ്ഥാപിച്ച കൊടിതോരണങ്ങളുടെ വിശദാംശങ്ങൾ കൈമാറാത്തതിന് കോർപറേഷൻ സെക്രട്ടറിക്ക് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നു. എന്നാൽ നഗരത്തിലെ ബോർഡുകളും കൊടികളും പൂർണമായും മാറ്റിയെന്ന് കോർപറേഷൻ അറിയിച്ചു. 22 ന് ഹരജി വീണ്ടും പരിഗണിക്കാനായി മാറ്റി.

സിപിഐഎം സമ്മേളനവുമായി ബന്ധപ്പെട്ട് നഗരത്തിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതി ആദ്യം പരോക്ഷ വിമർശനം ഉന്നയിച്ചിരുന്നു. നഗരത്തിലെ കൊടികൾ പാർട്ടിക്കാർ തന്നെ കൊണ്ടുപോയതിൽ സന്തോഷമമുണ്ടെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിക്ക് കോടതി കൂട്ടുനിൽക്കില്ലെന്നും ജ. ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ ഹൈക്കോടതിക്ക് പ്രത്യേക താൽപര്യങ്ങളില്ലെന്നും നഗരം മോടിപിടിക്കുന്നതിനിടെയാണ് ഇത്തരം പ്രവൃത്തികളുണ്ടാകുന്നതും അദ്ദേഹം വ്യക്തമാക്കി.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *