പേരാമ്പ്ര : കോഴിക്കോട് പേരാമ്പ്രയില്‍ യുവതിയും രണ്ട് മക്കളും പൊള്ളലേറ്റ് മരിച്ചു. മുളിയങ്ങല്‍ പരേതനായ നടുക്കണ്ടി പ്രകാശന്‍റെ ഭാര്യ പ്രിയ (36), മക്കളായ പുണ്യതീര്‍ത്ഥ (13), നിവേദ്യ (4) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം.
പ്രിയയും മക്കളും കിടപ്പ് മുറിയില്‍ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീയിടുകയായിരുന്നു. മറ്റൊരു മുറിയില്‍ താമസിക്കുന്ന ഭര്‍ത്താവിന്‍റെ അമ്മ കൂട്ട നിലവിളി കേട്ട് ഉണര്‍ന്നപ്പോഴാണ് തീ ആളിപ്പടരുന്നത് കണ്ടത്. ഓടിയെത്തിയ നാട്ടുകാര്‍ മൂവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും പുണ്യതീര്‍ത്ഥ യാത്രാമധ്യേയും, നിവേദ്യയും പ്രിയയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മരിച്ചു.
ജനുവരി നാലിനാണ് പ്രകാശന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇദ്ദേഹത്തിന്‍റെ മരണത്തോടെ പ്രിയ വലിയ മനോവിഷമത്തിലായിരുന്നു. ‘പ്രകാശേട്ടന്‍റെ കൂടെ ഞങ്ങളും പോകും’ എന്ന് പലപ്പോളും ബന്ധുക്കളോട് പറഞ്ഞിരുന്നു. ആശുപത്രിയില്‍ കൊണ്ടു പോകുംവഴി ഞങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കരുതെന്ന് അയല്‍വാസിയോട് പറഞ്ഞു. പ്രകാശേട്ടന്‍റെ അടുത്ത് തന്നെ സംസ്ക്കരിക്കണമെന്നും അവര്‍ പറഞ്ഞിരുന്നു. വീട്ടുവളപ്പില്‍ പ്രകാശന്‍റെ ശവകുടീരത്തിന് സമീപം തന്നെയാണ് മൂവരെയും സംസ്‌കരിച്ചത്.
പുണ്യതീര്‍ത്ഥ നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. നടുവണ്ണൂര്‍ കാവുന്തറ റോഡില്‍ തിരുപ്പുറത്ത് നാരായണന്‍ നായരുടെയും മീനാക്ഷി അമ്മയുടെയും മകളാണ് പ്രിയ. സഹോദരങ്ങള്‍: വിജയ, ഉഷ, ജയ, ബിജിലേഷ്.