തിരുവനന്തപുരം പേരൂർക്കടയിൽ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മിഷൻ. പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും പി. സതീദേവി വ്യക്തമാക്കി.വനിതാ കമ്മിഷൻ അധ്യക്ഷയായി ചുമതയേൽക്കുന്നതിന് മുൻപ് അനുപമ സംഭവം വിളിച്ചു പറഞ്ഞിരുന്നുവെന്ന് സതീദേവി പറഞ്ഞു. കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് അനുപമയ്ക്ക് വ്യക്തത ഉണ്ടായിരുന്നില്ല. ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറിയത് നടപടികൾ പാലിച്ചാണെന്നും അനുപമ പറഞ്ഞിരുന്നു. വനിതാ കമ്മിഷൻ അധ്യക്ഷയായി ചുമതലയേറ്റതിന് ശേഷമാണ് ഔദ്യോഗികമായി പരാതി ലഭിക്കുന്നതെന്നും അതിന്മേലാണ് നടപടിയെന്നും വനിതാ കമ്മിഷൻ അധ്യക്ഷ കൂട്ടിച്ചേർത്തു.
അതിനിടെ കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് നിലവിലെ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് അനുപമ പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ട്. ഏപ്രിൽ പത്തൊൻപതിനാണ് ആദ്യ പരാതി കൊടുത്തത്. എന്നാൽ പൊലീസ് പറയുന്നത് ഏപ്രിൽ മാസത്തിലല്ല പരാതി നൽകിയതെന്നാണ്. സെപ്റ്റംബറിൽ ഡിജിപിക്ക് നൽകിയ പരാതിയിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. താൻ തെറ്റുകാരിയെങ്കിൽ പൊലീസ് കണ്ടുപിടിക്കട്ടെയെന്നും അനുപമ വ്യക്തമാക്കിയിരുന്നു.