ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണംചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
ന്യൂഡല്‍ഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണംചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന യോഗം ബില്ലിന് അംഗീകാരം നല്‍കിയെന്ന് കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ അറിയിച്ചു.
അതേസമയം, പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ബില്‍, എന്ന് അവതരിപ്പിക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്തസമ്മേളനമോ വാര്‍ത്താക്കുറിപ്പോ ഉണ്ടായിരിക്കില്ലെന്ന് പ്രസ് ഇൻഫര്‍മേഷൻ ബ്യൂറോ നേരത്തെ അറിയിച്ചിരുന്നു. വനിതാസംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയെന്ന് ദേശീയ മാധ്യമങ്ങളാണ് ആദ്യം പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് കേന്ദ്ര സഹമന്ത്രി സമൂഹമാധ്യമമായ ‘എക്സി’ല്‍ കുറിപ്പിട്ടത്.
വനിതാസംവരണമെന്ന ആവശ്യം നിറവേറ്റുന്നതിനുള്ള ധൈര്യം മോദിസര്‍ക്കാറിന് മാത്രമാണുണ്ടായതെന്നും നരേന്ദ്ര മോദിക്കും മോദിസര്‍ക്കാറിനും അഭിനന്ദനം നേരുന്നതായും അദ്ദേഹം പറഞ്ഞു. അഞ്ച് ദിവസത്തെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് നിര്‍ണായക തീരുമാനമെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വൈകീട്ട് 6.30ന് ചേര്‍ന്ന മന്ത്രിസഭായോഗം 90 മിനിറ്റ് നീണ്ടുനിന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, പീയുഷ് ഗോയല്‍, എസ്. ജയശങ്കര്‍, നിര്‍മല സീതാരാമൻ, ധര്‍മേന്ദ്ര പ്രധാൻ, നിതിൻ ഗഡ്കരി, അര്‍ജുൻ റാം മേഘ്‍വാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വനിതാസംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ രാഷ്ട്രീയപാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭാതീരുമാനത്തെ കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ് സ്വാഗതം ചെയ്തു. വനിതാസംവരണ ബില്‍ നടപ്പാക്കണമെന്നത് കോണ്‍ഗ്രസിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
രഹസ്യമായി നടപടികള്‍ സ്വീകരിക്കുന്നതിന് പകരം, പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ വിഷയം അവതരിപ്പിച്ചിരുന്നെങ്കില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി സമവായത്തില്‍ എത്താൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രത്യേക സമ്മേളനത്തില്‍ ‘ചരിത്രപരമായ തീരുമാനങ്ങള്‍’ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ അഭിപ്രായപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭായോഗത്തെ ഏറെ ആകാംക്ഷയോടെയാണ് രാഷ്ട്രീയനിരീക്ഷകര്‍ കാത്തിരുന്നത്.
മന്ത്രിസഭായോഗത്തിന് മുന്നോടിയായ പ്രധാനപ്പെട്ട ചില യോഗങ്ങളും ചേര്‍ന്നു. വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍, പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി എന്നിവര്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയും യോഗത്തില്‍ സന്നിഹിതനായിരുന്നു.
വനിതാസംവരണ ബില്‍ 2010ല്‍ രാജ്യസഭ പാസാക്കിയിരുന്നു. ഇതിനുശേഷം 13 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് ബില്‍ ലോക്സഭയില്‍ എത്താൻ വഴിയൊരുങ്ങുന്നത്.