മാഡ്രിഡ്: മഹാമാരിയിൽ ആടിയുലഞ്ഞ ലോക ടൂറിസം, 2024 വരെ കൊറോണയ്ക്ക് മുമ്പുണ്ടായിരുന്ന ആ അവസ്ഥയിലേക്ക് തിരികെ പോകില്ല എന്ന് ലോക വിനോദസഞ്ചാര സംഘടന. കൊറോണ വൈറസ് പിടിമുറുക്കാൻ തുടങ്ങിയതോടെ തന്നെ ലോകത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിടുന്ന അവസ്ഥയിലെത്തിയിരുന്നു. അതോടെ, ടൂറിസം വരുമാനം 2020 -ൽ കുറഞ്ഞത് 72 ശതമാനമാണ്.
ഓരോ രാജ്യത്തിന്റെയും സമ്പദ് വ്യവസ്ഥയിൽ വലിയ പങ്ക് വഹിക്കുന്ന ടൂറിസം മേഖലയിലെ ഈ അവസ്ഥ അതുകൊണ്ട് തന്നെ പല രാജ്യങ്ങളെയും ബാധിച്ചു. ഒരുപക്ഷേ, ഏറ്റവുധികം ബാധിച്ച മേഖലയും ഇതാവണം. യാത്രകൾക്ക് നിയന്ത്രണം വന്നതും ടൂറിസത്തെ പ്രതികൂലമായി ബാധിച്ചു. കനത്ത സാമ്പത്തിക നഷ്ടത്തിനും തൊഴിൽ നഷ്ടത്തിനും ഇത് കാരണമായിത്തീരുകയും ചെയ്‍തു.
യാത്രയ്ക്കുള്ള വിവിധ നിയന്ത്രണങ്ങൾ, യാത്രയ്ക്കൊരുങ്ങുന്നവർക്കുണ്ടാകുന്ന ആശങ്ക, വാക്സിനേഷൻ നിരക്ക് ഇവയെല്ലാം ടൂറിസം മേഖലയുടെ പതിയെയുള്ള സഞ്ചാരത്തിന് കാരണമായിത്തീരുന്നു എന്ന് വിനോദസഞ്ചാരസംഘടനയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. എന്നാൽ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ വിദേശത്തു നിന്നുള്ള സഞ്ചാരികളുടെ വരവ് 2020 -നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 19 ശതമാനവും 17 ശതമാനവും കൂടിയിരുന്നു.
എന്നാൽ, മിഡില്‍ ഈസ്റ്റില്‍, 2021-ല്‍ സന്ദർശകരുടെ വരവില്‍ 24 ശതമാനം കുറവുണ്ടായി. അതോടൊപ്പം തന്നെ ഏഷ്യ – പസഫിക് മേഖലയിലും 2020 -ലേതിനേക്കാള്‍ 65 ശതമാനം കുറവാണ് സഞ്ചാരികളുടെ വരവിലുണ്ടായത്. കൊറോണയ്ക്ക് മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്താൽ ഇത് 94 ശതമാനം ഇടിവിനെ സൂചിപ്പിക്കുന്നു. എന്നാൽ, വിനോദസഞ്ചാര മേഖലയിൽ കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട അവസ്ഥയുണ്ടാകും എന്നാണ് കരുതുന്നത്.
എങ്കിലും കൊറോണയ്ക്ക് മുമ്പ് എങ്ങനെയായിരുന്നോ ടൂറിസം മേഖല ആ അവസ്ഥയിലേക്ക് തിരികെ വരാൻ 2024 വരെയെങ്കിലും സമയമെടുക്കും എന്നാണ് ലോക വിനോദസഞ്ചാര സംഘടന സൂചിപ്പിക്കുന്നത്. വിനോദസഞ്ചാരമേഖലയെ കാര്യമായി ആശ്രയിക്കുന്ന രാജ്യങ്ങളെല്ലാം തന്നെ പഴയ അവസ്ഥയിലേക്ക് കാര്യങ്ങളെത്താൻ കാത്തിരിക്കുകയാണ്.