ബെംഗളൂരു: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണത്തെക്കുറിച്ചും ആക്രമണങ്ങളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ഐ.ഐ.എം വിദ്യാര്‍ത്ഥികള്‍. ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥികളും മറ്റ് ഫാകല്‍റ്റി അംഗങ്ങളും ചേര്‍ന്നാണ് വെള്ളിയാഴ്ച മോദിക്ക് കത്തയച്ചത്.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളെ പ്രധാനമന്ത്രിയുടെ മൗനം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് കത്തില്‍ വിദ്യാര്‍ത്ഥികള്‍ തുറന്ന് വിമര്‍ശിക്കുന്നുണ്ട്. ”ബഹുമാനപ്പെട്ട പ്രധാനമന്ത്രി, രാജ്യത്ത് വര്‍ധിക്കുന്ന അസഹിഷ്ണുതയിലുള്ള നിങ്ങളുടെ മൗനം, വിവിധ സംസ്‌കാരങ്ങള്‍ ഒരുമിച്ച് അധിവസിക്കുന്ന നമ്മുടെ രാജ്യത്തെ സ്‌നേഹിക്കുന്ന ഞങ്ങളില്‍ വേദനയുളവാക്കുന്നുണ്ട്.
നിങ്ങളുടെ മൗനം ഇവിടെ വിദ്വേഷ ശബ്ദങ്ങള്‍ക്ക് പ്രോത്സാഹനമാകുന്നുണ്ട്, അത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണ്,” കത്തില്‍ പറയുന്നു. രാജ്യത്തെ വിഘടിക്കാന്‍ ശ്രമിക്കുന്ന ശക്തികളില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ വേണ്ട നടപടികളെടുക്കണമെന്നും പ്രധാനമന്ത്രിയോട് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ഐ.ഐ.എം ബെംഗളൂരുവിലെ 13 ഫാകല്‍റ്റി അംഗങ്ങളും ഐ.ഐ.എം അഹമ്മദാബാദിലെ മൂന്ന് പേരുമടക്കം 183 പേര്‍ ഒപ്പുവെച്ച കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മെയില്‍ വഴി അയച്ചിട്ടുണ്ട്.ഐ.ഐ.എം ബെംഗളൂരുവിലെ പ്രതീക് രാജ്, ദീപക് മല്‍ഘന്‍, ദല്‍ഹിയ മനി, രാജ്‌ലക്ഷ്മി വി മൂര്‍ത്തി, ഹേമ സ്വാമിനാഥന്‍ എന്നീ ഫാകല്‍റ്റി അംഗങ്ങള്‍ ചേര്‍ന്നാണ് കത്ത് ഡ്രാഫ്റ്റ് ചെയ്തത്.