കുട്ടികള്‍ക്ക് കോവിഡ് വാക്സീന്‍; ആദ്യം പരിഗണിക്കുക സൈകോവ് ഡിയും കോവാക്സീനും

August 20, 2021
281
Views

ഡല്‍ഹി; കുട്ടികള്‍ക്ക് കോവിഡ് വാക്സീന്‍ കുത്തിവയ്പ് ആരംഭിക്കുമ്ബോള്‍ ആദ്യം സൈകോവ് ഡിയും കോവാക്സീനും പരിഗണിക്കും. സൈഡസ് കാഡിലയുടെ സൈകോവ് ഡി, കുട്ടികളില്‍ നേരത്തേ തന്നെ പരീക്ഷണം പൂര്‍ത്തിയാക്കി അനുമതിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

രണ്ടാംഘട്ട ട്രയലിന്റെ പൂര്‍ണ വിവരങ്ങളും മൂന്നാം ഘട്ടത്തില്‍ വാക്സീനെടുത്ത 1000 കൗമാരക്കാരുടെ വിവരങ്ങളുമാണു വിദഗ്ധ സമിതിയുടെ പരിഗണനയ്ക്കു നല്‍കിയത്. 5 – 12 പ്രായക്കാരിലും വാക്സീന്‍ പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് സൈഡസ് കാഡില.

ഭാരത് ബയോടെക്കിന്റെ കോവാക്സീന്‍, കുട്ടികളില്‍ അവസാനഘട്ട പരീക്ഷണത്തിലാണ്. 2 – 6 പ്രായക്കാരിലാണ് ഇപ്പോഴത്തെ ട്രയല്‍. 6-12 പ്രായക്കാരിലെ ട്രയല്‍ നേരത്തേ നടന്നു. ഇവയുടെ ഫലം അടുത്ത മാസം ലഭ്യമാകും. ഇന്ത്യയില്‍ ഉപയോഗാനുമതി ലഭിച്ചെങ്കിലും ലഭ്യമായിത്തുടങ്ങാത്ത മൊഡേണ വാക്സീന്‍ ചില രാജ്യങ്ങളില്‍ കുട്ടികള്‍ക്കു നല്‍കുന്നുണ്ട്.

ഇന്ത്യയില്‍ അനുമതി പ്രതീക്ഷിക്കുന്ന ഫൈസര്‍ വാക്സീനും ചില രാജ്യങ്ങളില്‍ കുട്ടികള്‍ക്കു നല്‍കിത്തുടങ്ങി. ഹൈദരാബാദിലെ ബയോളജിക്കല്‍ ഇ വികസിപ്പിച്ച ‘കോര്‍ബെവാക്സും’ മികച്ച ഫലം പ്രതീക്ഷിക്കുന്ന വാക്സീനാണ്.

മുതിര്‍ന്നവരെക്കാള്‍ പ്രതിരോധ ശേഷി കുട്ടികള്‍ക്കുണ്ട്. അതുകൊണ്ട്, മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന വാക്സീന്‍ ആണെങ്കില്‍പോലും കൂടുതല്‍ പഠനങ്ങള്‍ വേണ്ടിവരും. സ്വാഭാവിക പ്രതിരോധശേഷി കൂടുതലായതിനാല്‍ കുട്ടികള്‍ക്ക് വാക്സീന്‍ അല്‍പം വൈകിയാലും പ്രശ്നമില്ലെന്ന നിലപാടായിരുന്നു വിദഗ്ധര്‍ക്ക്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *