ന്യൂ ഡെൽഹി: രാജ്യത്ത് വൈദ്യുതി വില കുതിച്ചുയരുന്നു. പ്രതിസന്ധി രൂക്ഷമാക്കി രാജ്യത്തെ 18 താപവൈദ്യുത നിലയങ്ങളിലും കൽക്കരി തീർന്നെന്നാണ് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ റിപ്പോർട്ട്.
വൈദ്യുതി ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങൾക്ക് ഇരുട്ടടിനൽകി പവർ എക്‌സ്‌ചേഞ്ച് വൈദ്യുതി വില മൂന്നിരട്ടിയാക്കിയാണ് വർധിപ്പിച്ചത്. ആന്ധ്ര, പഞ്ചാബ് സംസ്ഥാനങ്ങളുടെ പക്കൽ നിന്ന് ഇന്നലെ ഈടാക്കിയത് യൂണിറ്റിന് 15 രൂപയാണ്. വില മൂന്നിരട്ടി ആയതോടെ വൈദ്യുതി വാങ്ങാതെ സംസ്ഥാനങ്ങൾ ലോഡ് ഷെഡ്ഡിംഗ് വർധിപ്പിച്ചു.
പഞ്ചാബ്, രാജസ്ഥാൻ, ബിഹാർ, ജാർഖണ്ഡ്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ പവർകട്ട് തുടരുകയാണ്. ഇതിനിടെ രാജ്യത്തെ 18 താപവൈദ്യുത നിലയങ്ങളിലും കൽക്കരി തീർന്നെന്ന് വ്യക്തമാക്കി കേന്ദ്ര വൈദ്യുതി അതോറിറ്റി പുതിയ റിപ്പോർട്ട് നൽകി. ഗുജറാത്തിൽ ടാറ്റയുടെയും അദാനിയുടെയും ഉൾപ്പെടെ സ്വകാര്യ താപനിലയങ്ങളും കൽക്കരി ക്ഷാമംമൂലം അടച്ചു.
രാജ്യത്ത് വൈദ്യുതി ലഭ്യതയിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നാണ് പവർ സിസ്റ്റം ഓപ്പറേഷൻ കോർപറേഷന്റെ കണക്ക്. ഒക്‌ടോബർ 12 വരെ 750 ദശലക്ഷം യൂണിറ്റിന്റെ കുറവുണ്ടായി. 2016 ന് മാർച്ചിനുശേഷം ആദ്യമായാണ് ഇത്രയും ഇടിവ് വൈദ്യുതി ലഭ്യതയിൽ രാജ്യം നേരിടുന്നത്.