ന്യൂഡൽഹി : രാജ്യത്ത് 5ജി ശൃംഖലയുടെ പ്രാഥമിക ലോഞ്ച് ഓഗസ്റ്റ് 15ന് നടത്തണമെന്ന് ടെലികോം വകുപ്പിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ (പിഎംഒ)നിർദേശം.
ഇതെത്തുടർന്ന് 5ജി സ്പെക്ട്രം ലേലത്തിനുള്ള ശുപാർശ നൽകാനുള്ള നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം വകുപ്പ് ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് (ട്രായ്) കത്തയച്ചു.
മാർച്ചിനു മുൻപ് ട്രായിയുടെ റിപ്പോർട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടെലികോം വകുപ്പ്. ലേലം സംബന്ധിച്ച നിർദേശങ്ങൾ ട്രായ് അന്തിമമാക്കുകയാണ്. ലേലം എങ്ങനെയായിരിക്കണം എന്നതിൽ ടെലികോം കമ്പനികൾ, അസോസിയേഷനുകൾ എന്നിവരിൽ നിന്ന് ട്രായ് പ്രതികരണം തേടിയിരുന്നു.
ട്രായിയുടെ അന്തിമ ശുപാർശ അനുസരിച്ചായിരിക്കും ടെലികോം വകുപ്പ് ഏപ്രിൽ–മേയ് മാസങ്ങളിൽ സ്പെക്ട്രം ലേലത്തിലേക്ക് കടക്കുക. 5ജി ട്രയലുകൾ നിലവിൽ നടക്കുന്ന 13 നഗരങ്ങളിലായിരിക്കും സേവനം രാജ്യത്ത് ആദ്യമെത്തുക.